മോക്കി (ചൈന):ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി വെങ്കല മെഡൽ മത്സരത്തിൽ കൊറിയയ്‌ക്കെതിരെ പാക്കിസ്ഥാന് 5-2ന് ജയം. സാമ്പത്തിക പരാധീനതകൾ കാരണം ലോണെടുത്ത് ചൈനയിലെത്തിയ പാകിസ്ഥാന്‍ ഹോക്കി ടീമിന് ഈ വിജയം കൂടുതൽ മധുരമേറിയതാണ്. പാകിസ്ഥാന്‍റെ തകർപ്പൻ വിജയത്തിൽ സ്‌റ്റാർ താരങ്ങളായ സൂഫിയാൻ ഖാൻ (38, 49 മിനിറ്റ്), ഹന്നാൻ ഷാഹിദ് (39, 54 മിനിറ്റ്), റുമാൻ (45) എന്നിവർ ഗോളുകൾ നേടിയപ്പോൾ കൊറിയക്ക് വേണ്ടി ജങ്‌ജുൻ ലീ (16 മിനിറ്റ്), ജിഹുൻ യാങ് (40 മിനിറ്റ്) എന്നിവര്‍ ഗോളുകൾ നേടി.
സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരായ ചൈനയ്‌ക്കെതിരെ നിരാശാജനകമായ തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ വെങ്കല മെഡൽ മത്സരത്തിലെ മോശം തുടക്കത്തിന് ശേഷം കളി മെച്ചപ്പെടുത്തുകയായിരുന്നു. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തുകയും ആവേശകരമായ മത്സരത്തിൽ ടീം വിജയിക്കുകയും ചെയ്‌തു. 16-ാം മിനിറ്റിൽ കൊറിയയാണ് ആദ്യ ഗോൾ നേടിയത്. 10 മിനിറ്റ് ഇടവേളയ്ക്ക് ശേഷം പാകിസ്ഥാൻ ഗംഭീര തിരിച്ചുവരവ് നടത്തി. 38-ാം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോളാക്കി സുഫിയാൻ ഖാൻ സമനില പിടിച്ചു.