പാരിസ്:രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത അംബാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പാരീസില്‍ നടക്കുന്ന 142 -ാമത് ഐഒസി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം എന്ന നിലയില്‍ ഏകകണ്‌ഠമായാണ് നിത അംബാനി തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ താൻ വളരെയധികം സന്തുഷ്‌ടയാണെന്ന് അവർ പറഞ്ഞു.
'എനിക്ക് ലഭിച്ച വലിയ ആദരവാണിത്. വീണ്ടും എന്നിൽ വിശ്വാസമർപ്പിച്ച പ്രസിഡന്‍റ് തോമസ് ബാക്കിനും ഐഒസിയിലെ എന്‍റെ എല്ലാ സഹപ്രവർത്തകരോടും നന്ദി പറയുകയാണ്. എന്നിലേക്ക് വീണ്ടും എത്തിയ ഈ നേട്ടത്തെ വ്യക്തിപരമായല്ല ഞാന്‍ കാണുന്നത്. ആഗോള കായികരംഗത്ത് ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരം കൂടിയാണിത്. ഓരോ ഇന്ത്യക്കാരനുമായും സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും ഈ നിമിഷം ഞാന്‍ പങ്കിടുകയാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും' - നിത അംബാനി പറഞ്ഞു.
2016 ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിൽ അംഗമാകുന്നത്. ഐഒസിയിൽ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിത എന്ന നിലയിൽ നിത അംബാനി അസോസിയേഷന് വേണ്ടി മികച്ച പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ കായികമായ അഭിലാഷങ്ങളും ഒളിമ്പിക് വീക്ഷണവും ഉയർത്തിപ്പിടിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. അതിന്‍റെ ഫലമായി 2023 ഒക്‌ടോബറിൽ, 40 വർഷത്തിന് ശേഷം മുംബൈയിൽ ആദ്യമായി ഐഒസി സെഷന് ആതിഥേയത്വം വഹിക്കാനും ഇന്ത്യക്കായി.