ഹൈദരാബാദ്: വർഷാവർഷം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ എന്ന വിശേഷണം മാരുതി സുസുക്കിക്ക് സ്വന്തമായിരുന്നെങ്കിലും 40 വർഷത്തിനിപ്പുറം ആ പേര് മാറിയിരിക്കുകയാണ്. മാരുതിയെ കടത്തിവിട്ട് ഈ വർഷം ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചത് ടാറ്റ മോട്ടോർസ് ആണ്. മാരുതിയുടെ വാഗൺ ആറിനെയും സ്വിഫ്‌റ്റിനെയും പിന്തള്ളി ടാറ്റ മോട്ടോർസിന്‍റെ സബ് കോംപാക്‌ട് എസ്‌യുവി ആയ ടാറ്റ പഞ്ച് ആണ് 2024ൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത്.
കണക്കുകളനുസരിച്ച്, 2024ൽ ടാറ്റ പഞ്ചിന്‍റെ 2.02 ലക്ഷം യൂണിറ്റുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റത്. അതേസമയം മാരുതി സുസുക്കി വാഗൺ-ആർ ആഭ്യന്തര വിപണിയിൽ ആകെ 1.91 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. പരിസ്ഥിതി സൗഹൃദ എഞ്ചിനുകൾക്കും എസ്‌യുവി വിഭാഗത്തിനും ആളുകളേറിയത് ഈ വർഷത്തെ വിപണിയിലെ വളർച്ചയ്‌ക്ക് സഹായകമായതായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിൻ്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിൻ്റെയും എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ച അഞ്ച് കാറുകളിൽ മൂന്നെണ്ണവും എസ്‌യുവികളാണ്.
ടാറ്റ പഞ്ചിന്‍റെ വരവ്:
2021ലാണ് ടാറ്റ പഞ്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സവിശേഷമായ ഫീച്ചറുകൾ കൊണ്ട് പുറത്തിറക്കിയപ്പോൾ തന്നെ ജനപ്രീതി നേടിയ മോഡലാണ് ടാറ്റ പഞ്ച്. മാരുതി സ്വിഫ്റ്റ് പോലുള്ള ഹാച്ച്ബാക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടാറ്റ മോട്ടോർസിൽ നിന്നുള്ള മികച്ച ഓപ്‌ഷനായിരുന്നു ടാറ്റ പഞ്ച്. പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ പ്രതിമാസം 10,000 യൂണിറ്റുകളിൽ കൂടുതൽ വിൽക്കാൻ തുടങ്ങിയിട്ടുണ്ട്. പിന്നീട് 2022ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പത്താമത്തെ കാറായി ടാറ്റ പഞ്ച് മാറുകയായിരുന്നു.
ടാറ്റ പഞ്ചിന് സമാനമായ സവിശേഷതകളും വിലയും ഉള്ള മോഡലാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റർ. ആദ്യമൊക്കെ വിൽപന സമാനമായിരുന്നെങ്കിലും 2024 ആവുമ്പോഴേക്കും ടാറ്റ പഞ്ചിൻ്റെ വിൽപ്പനയുടെ പകുതി പോലും കടക്കാൻ ഹ്യുണ്ടായ് എക്‌സ്‌റ്ററിന് കഴിഞ്ഞില്ല.
മാരുതി സുസുക്കിയുടെ വിൽപന കുറഞ്ഞതിന് പിന്നിൽ?
2018ൽ 33.49 ലക്ഷം കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 52 ശതമാനം ഓഹരിയുമായി അന്ന് മാരുതി സുസുക്കിയാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആദ്യ 5 കാറുകളും മാരുതി സുസുക്കിയുടെ പോർട്ട്‌ഫോളിയോയിൽ നിന്നുള്ളവയായിരുന്നു.
പിന്നീട് കൊവിഡിന് ശേഷം, ഇന്ത്യൻ വാഹന വ്യവസായം പൂർണമായി വീണ്ടെടുത്തത് കഴിഞ്ഞ വർഷമാണ്. 2024ൽ കാർ വിൽപ്പന ഏകദേശം 42.86 ലക്ഷം യൂണിറ്റിലെത്തിയിരുന്നു. മൊത്തം വിൽപ്പനയിൽ വർധനവ് ഉണ്ടായിരുന്നെങ്കിലും മാരുതി സുസുക്കിയുടെ വിപണി വിഹിതം 41 ശതമാനമായി കുറയുകയാണ് ചെയ്‌തത്. കൂടാതെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന വിശേഷണവും 2024ൽ മാരുതിക്ക് നഷ്‌ട്ടമായി.
പരിമിതമായ എസ്‌യുവി ഓപ്ഷനുകൾ തന്നെയാവാം മാരുതിയുടെ വിൽപ്പന കുറയ്‌ക്കുന്നതിനിടയാക്കിയത്. 2024ൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ച അഞ്ച് കാറുകളിൽ മൂന്നെണ്ണവും എസ്‌യുവികളാണെന്നത് ഈ സംശയം ബലപ്പെടുത്തുന്നു. 10 ലക്ഷത്തിന് മുകളിൽ വിലയുള്ളവ എസ്‌യുവികൾ മാരുതി സുസുക്കിക്ക് കുറവാണ്. ഇത് വിപണി വിഹിതത്തെ ബാധിച്ചിട്ടുണ്ട്.
Also Read:
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- കുതിച്ചുയർന്ന് കാർ വിൽപ്പന: 2024 ഡിസംബറിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച പ്രമുഖ കമ്പനികൾ