ലഖ്‌നൗ:ഇറാനി കപ്പില്‍ മുത്തമിട്ട് മുംബൈ. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുംബൈയുടെ കിരീട നേട്ടം. ലഖ്‌നൗവിലെ ഏക്‌ന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരം സമനിലയിലാണ് കലാശിച്ചതെങ്കിലും ഒന്നാം ഇന്നിങ്‌സിലെ ലീഡിന്‍റെ കരുത്തിലാണ് മുംബൈ 15-ാം തവണയും ചാമ്പ്യന്മാരായത്.
സ്‌കോര്‍ - മുംബൈ: 537, 329-8 റെസ്റ്റ് ഓഫ് ഇന്ത്യ: 416
മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച മുംബൈയുടെ സര്‍ഫറാസ് ഖാനാണ് കളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സിന്‍റെ ലീഡായിരുന്നു റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ മുംബൈ നേടിയത്. മത്സരത്തിന്‍റെ അഞ്ചാം ദിനമായ ഇന്ന് 153-6 എന്ന നിലയിലായിരുന്നു മുംബൈ ബാറ്റിങ് പുനരാരംഭിച്ചത്.
ദിവസത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്റ്റാര്‍ ബാറ്റര്‍ സര്‍ഫറാസ് ഖാനെ അവര്‍ക്ക് നഷ്‌ടമായിരുന്നു. 17 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ ശര്‍ദുല്‍ താക്കൂറിനും (2) അധികം നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല.
ഇതോടെ കിരീടം സ്വപ്‌നം കണ്ട റെസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത് തനുഷ് കൊടിയാന്‍- മൊഹിത് അവാസ്‌തി സഖ്യമായിരുന്നു. ഒൻപതാം വിക്കറ്റില്‍ 158 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. എട്ടാമനായി ക്രീസിലെത്തിയ തനുഷ് കൊടിയാൻ പുറത്താകാതെ 150 പന്തില്‍ 114 റണ്‍സും പത്താം നമ്പറില്‍ എത്തിയ അവാസ്‌തി 93 പന്തില്‍ 50* റണ്‍സും നേടി.
ഒരു സെഷൻ ബാക്കിയിരിക്കെ 450 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്താൻ സാധിക്കില്ലെന്ന് മനസിലാക്കിക്കൊണ്ട് റെസ്റ്റ് ഓഫ് ഇന്ത്യ സമനിലയ്‌ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ, പുതിയ ആഭ്യന്തര സീസണ്‍ ക്യാപ്‌റ്റൻ അജിങ്ക്യ രഹാനെയ്‌ക്ക് കീഴില്‍ കിരീട നേട്ടത്തോടെ തന്നെ തുടങ്ങാൻ മുംബൈയ്‌ക്കാകുകയായിരുന്നു.
Also Read:ആ തീരുമാനം ഹാര്‍ദിക്കിനെ പിന്നോട്ടടിപ്പിക്കും; ഒരേ സമയം ഞെട്ടലും നിരാശയും തോന്നിയെന്ന് ഹര്‍ഭജന്‍ സിങ്