കൊളംബോ:ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യൻ ടീമില്‍ അവസരം ലഭിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണിന് മികവ് കാട്ടാനായിരുന്നില്ല. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്താകുകയായിരുന്നു. മഹീഷ് തീക്ഷണയാണ് സഞ്ജുവിനെ ബൗള്‍ഡാക്കിയത്.
പരിക്കേറ്റ ഇന്ത്യൻ ടീം വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്‍റെ പകരക്കാരനായിട്ടായിരുന്നു സഞ്ജു പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. കിട്ടിയ അവസരം മുതലാക്കാൻ സാധിക്കാതെ വന്ന സഞ്ജുവിനെ പരമ്പരയിലെ അവസാന മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന് കണ്ടറിയണം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഗോള്‍ഡൻ ഡക്ക് ആയതോടെ ഒരു നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിലും സഞ്ജു ഉള്‍പ്പെട്ടു.
ലങ്കയ്‌ക്കെതിരായ മത്സരത്തോടെ ടി20 ക്രിക്കറ്റില്‍ കൂടുതല്‍ പ്രാവശ്യം ഗോള്‍ഡൻ ഡക്കായിട്ടുള്ള മൂന്നാമത്തെ ഇന്ത്യൻ താരങ്ങളില്‍ ഒരാളായാണ് സഞ്ജു മാറിയത്. കരിയറില്‍ സഞ്ജുവിന്‍റെ രണ്ടാമത്തെ ഗോള്‍ഡൻ ഡക്ക് കൂടിയായിരുന്നു ഇത്. ഇന്ത്യൻ മുൻ ടി20 നായകൻ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ മുന്നില്‍.