കോട്ടയം: ബജറ്റിന് പുറകേ കേന്ദ്രമന്ത്രി ജോർജ് കുര്യന്‍ കേരളത്തെക്കുറിച്ചു നടത്തിയ പ്രസ്‌താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ നിന്നൊരു കേന്ദ്രമന്ത്രി ഉണ്ടായപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ വാങ്ങി നൽകും എന്നാണ്. എന്നാൽ അദ്ദേഹത്തിന്‍റേത് തെറ്റായ സമീപനം ആണ്. പ്രസ്‌താവന പിൻവലിച്ച് മന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'കേരളത്തിന് അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ അർഹതയില്ല എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം ദൗർഭാഗ്യകരമായി പോയി. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയുണ്ടാകുമ്പോൾ നാം പ്രതീക്ഷിക്കുന്നത് അവർ സംസ്ഥാനത്തിന് എന്തെങ്കിലും നേടിതരുമെന്നാണ്. കേരളം കൈവരിച്ച പുരോഗതി എന്ന് പറയുന്നത് ഈ നാട്ടിലെ ജനങ്ങളുടെ കഷ്‌ടപ്പാടിൻ്റെയും പ്രയാസത്തിൻ്റെയും ഫലമായിട്ടുള്ളതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളം പൂർണമായി പുരോഗതി പ്രാപിച്ചു കഴിഞ്ഞു, ഇനി കേന്ദ്ര സർക്കാരിൽ നിന്നും ഒരു ആനുകുല്യവും പദ്ധതികളും ഇല്ല എന്ന് പറയുന്നത് തെറ്റായ നടപടിയാണ്. കേരളത്തിന് കേന്ദ്രത്തിൽ നിന്ന് എന്തെല്ലാം കിട്ടുവാനുണ്ട്? റെയിൽവേ വികസന പദ്ധതികൾ, വ്യവസായ പദ്ധതികൾ, മൊത്തത്തിലുള്ള പുരോഗതി.. ഏറെ സങ്കടകരം വയനാട് ദുരിതബാധിതർക്കും പദ്ധതികളും ആനുകൂല്യങ്ങളും ഒന്നുമില്ല.
ഇതൊന്നും പറഞ്ഞില്ലെങ്കിലും കേരളത്തെ അപമാനിച്ചത് ശരിയായില്ല. ആര് ഏത് മന്ത്രി സ്ഥാനത്ത് എത്തിയാലും ജനങ്ങൾ പലതും പ്രതീക്ഷിക്കും. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായപ്പോൾ ജനങ്ങൾ കരുതിയത് കേരളത്തിന് ഒരുപാട് പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കും എന്നാണ്. കേന്ദ്രമന്ത്രി ഈ പ്രസ്‌താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണം എന്നും ചെന്നിത്തല പറഞ്ഞു.
Also Read:'രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ': എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ