ഹൈദരാബാദ്: കെടിഎം 390 അഡ്വഞ്ചർ മോട്ടോർസൈക്കിളിന്‍റെ ഏറ്റവും പുതിയ പതിപ്പ് ലോഞ്ചിനൊരുങ്ങുകയാണ്. സ്റ്റാൻഡേർഡ്, എക്‌സ്, ആർ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. ഇതിൽ അഡ്വഞ്ചർ 390 സ്റ്റാർഡേർഡ് വേരിയന്‍റും അഡ്വഞ്ചർ എക്‌സും ഉൾപ്പെടെ രണ്ട് വേരിയന്‍റുകളായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുക. ആർ വേരിയന്‍റ് വിദേശ വിപണികളിൽ മാത്രം അവതരിപ്പിക്കാനാണ് സാധ്യത.
വരാനിരിക്കുന്ന വാഹനങ്ങളുടെ സ്‌പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. പുതിയ എഞ്ചിൻ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് അഡ്വഞ്ചറിന്‍റെ ഏറ്റവും പുതിയ പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങുന്നത്.
കെടിഎം 390 അഡ്വഞ്ചർ ഡിസൈൻ: പുതുക്കിയ കെടിഎം 390 അഡ്വഞ്ചറിന്‍റെ ഡിസൈനിലേക്ക് പോകുമ്പോൾ മുൻപത്തേക്കാൾ കൂടുതൽ സ്റ്റൈലിഷും ആകർഷകവുമായ ഷാർപ്പ് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡേടൈം റണ്ണിങ് ലാമ്പുകളും ലംബമായി സജ്ജീകരിച്ച ഡ്യുവൽ പ്രോജക്‌ടർ ഹെഡ്‌ലാമ്പുകളും ഉയരത്തിലുള്ള വിൻഡ്‌സ്‌ക്രീൻ, ബീക്ക് സ്റ്റൈൽ മഡ്‌ഗാർഡ് എന്നിവയാണ് മുൻവശത്തിന്‍റെ ഭംഗി കൂട്ടുന്നത്.
സൈഡ് പ്രൊഫൈൽ പരിശോധിക്കുമ്പോൾ ഷാർപ്പ് ലുക്കിലുള്ള ഫ്രണ്ട് കൗൾ, സ്ലിം സീറ്റ്, സൈഡ് പാനലുകൾ എന്നിവയാണ് നൽകിയിരിക്കുന്നത്. മുൻമോഡലിലെ അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റിന് പകരം അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് നൽകിയിരിക്കുന്നതാണ് പ്രധാനമാറ്റം. ബൈക്കിന്‍റെ പിൻവശത്ത് ബോഡി പാനലുകളും ചെറിയ ടെയിൽ ലാമ്പും നൽകിയിട്ടുണ്ട്.
കെടിഎം 390 അഡ്വഞ്ചർ ഫീച്ചറുകൾ: മുൻ മോഡലിൽ ഉപയോഗിച്ചിരിക്കുന്ന അതേ ബ്ലൂടൂത്ത്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേയാണ് പുതുക്കിയ മോഡലുകളിലും ഫീച്ചർ ചെയ്യുക. ക്രൂയിസ് കൺട്രോൾ, കോർണറിങ് ട്രാക്ഷൻ കൺട്രോൾ, കോർണറിങ് എബിഎസ്, ഓഫ്‌റോഡ് എബിഎസ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ. കൂടാതെ സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും പുതുക്കിയ കെടിഎം 390 അഡ്വഞ്ചറിൽ ലഭിക്കും.
കെടിഎം 390 അഡ്വഞ്ചർ ഹാർഡ്‌വെയർ: കെടിഎം 390 അഡ്വഞ്ചറിന്‍റെ പുതുക്കിയ മോഡലിന്‍റെ ഹാർഡ്‌വെയറിലേക്ക് പോകുമ്പോൾ WP അപെക്‌സ് അപ്‌സൈഡ്-ഡൗൺ ഫോർക്ക് സജ്ജീകരണത്തോടുകൂടിയ ഒരു റിയർ മോണോഷോക്ക് സസ്‌പെൻഷനാണ് നൽകിയിരിക്കുന്നത്. ബ്രേക്കിങിനായി 320 എംഎം ഫ്രണ്ട് ഡിസ്‌കും 240 എംഎം റിയർ ഡിസ്‌കും ആണ് ബൈക്കിൽ നൽകിയിരിക്കുന്നത്. സ്‌പോക്ക് വീലുകളാണ് പുതുക്കിയ മോഡലിൽ നൽകിയത്. മുൻവശത്ത് 21 ഇഞ്ച് വീലുകളും പിൻവശത്ത് 17 ഇഞ്ച് വീലുകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ടിലും ട്യൂബ്‌ലെസ് ടയറുകൾ ലഭിക്കും.
കെടിഎം 390 അഡ്വഞ്ചർ എഞ്ചിൻ: കെടിഎം ഡ്യൂക്ക് 390 മോഡലിന് സമാനമായി പുതുക്കിയ പതിപ്പിൽ LC4c, 399cc സിംഗിൾ സിലിണ്ടർ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ലിക്വിഡ്-കൂൾഡ് എഞ്ചിൻ ബൈക്കിന് 44 ബിഎച്ച്പി പവറും പരമാവധി 39 എൻഎം ടോർക്കും നൽകുന്നു. ഈ എഞ്ചിൻ 6-സ്‌പീഡ് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബൈ-ഡയറക്ഷണൽ ക്വിക്‌ഷിഫ്റ്ററിന്‍റെ സഹായത്തോടെയാണ് ഈ എഞ്ചിൻ പ്രവർത്തിക്കുക.
കെടിഎം 390 അഡ്വഞ്ചർ എക്‌സ് ഡിസൈൻ, ഫീച്ചറുകൾ: കെടിഎം 390 അഡ്വഞ്ചർ എക്‌സിന്‍റെ പുതുക്കിയ മോഡലിന്‍റെ ഡിസൈൻ അതിന്‍റെ സ്റ്റാൻഡേർഡ് വേരിയന്‍റായ കെടിഎം 390 അഡ്വഞ്ചറിന് സമാനമാണ്. ഡ്യുവൽ പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, ബീക്ക്-സ്റ്റൈൽ മഡ്‌ഗാർഡ്, ഷാർപ്പ്-ലുക്കിങ് ഫ്രണ്ട് കൗൾ തുടങ്ങിയ ഫീച്ചറുകൾ അതേപടി എക്‌സ് വേരിയന്‍റിലും ഉണ്ട്. പുതിയ കെടിഎം 390 അഡ്വഞ്ചറുമായി താരതമ്യം ചെയ്യുമ്പോൾ അഡ്വഞ്ചർ എക്‌സിന്‍റെ കാര്യമായ മാറ്റം അലോയ് വീലുകളാണ്. അഡ്വഞ്ചറിലുള്ള ക്രൂയിസ് കൺട്രോൾ, കോർണറിങ് ട്രാക്ഷൻ കൺട്രോൾ, കോർണറിങ് എബിഎസ് എന്നിവ അഡ്വഞ്ചർ എക്‌സിന് ലഭിക്കില്ല. അതേസമയം എക്‌സ് വേരിയന്‍റിന് ഓഫ്-റോഡ് എബിഎസ് ലഭിക്കും.
കെടിഎം 390 അഡ്വഞ്ചർ എക്‌സ് ഹാർഡ്‌വെയർ: മെക്കാനിക്കൽ കാര്യങ്ങൾ പരിശോധിക്കുമ്പോൾ എക്‌സ് വേരിയന്‍റിൽ റിയർ മോണോഷോക്കോടുകൂടിയ WP അപെക്‌സ് അപ്‌സൈഡ്-ഡൗൺ ഫോർക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൈക്കിന് ഇരുവശത്തും 200mm സസ്‌പെൻഷൻ ട്രാവൽ ഉണ്ട്. ബ്രേക്കിങിനെ കുറിച്ച് പറയുമ്പോൾ 320 mm ഫ്രണ്ട് ഡിസ്‌കും 240 mm റിയർ ഡിസ്‌കും ബ്രേക്കും നൽകിയിട്ടുണ്ട്.
Also Read:
- 323 കി.മീ റേഞ്ചുള്ള പുതിയ ഇ-ബൈക്കുമായി അൾട്രാവയലറ്റ്: വാങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- കരുത്തിന് കരുത്ത്, ലുക്കിന് ലുക്ക്, വേഗതയിൽ രാജാവ്: ട്രയംഫിന്‍റെ രണ്ട് പുത്തൻ ബൈക്കുകൾ: വിലയും ഫീച്ചറും അറിയാം
- 320 കിലോമീറ്റർ റേഞ്ചിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: വില 79,999 രൂപ
- ഒരൊറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്: ടിവിഎസിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ഡെലിവറി ആരംഭിച്ചു