ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും മാറി നിന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) ഐപിഎല്ലിലൂടെ (IPL 2024) ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ എതിരാളികള്‍ക്ക് ശക്തമായൊരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. ഇടവേള കഴിഞ്ഞുവരുന്ന കോലിയെ കൂടുതല്‍ ഭയപ്പെടണമെന്നാണ് കൈഫ് പറയുന്നത്.
"ഓരോ തവണയും ഇടവേള കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ മികവോടെ തന്നെ കളിക്കാന്‍ കഴിയുന്നുവെന്നത് വിരാട് കോലിയുടെ പ്രത്യേകതയാണ്. നിരന്തരം കളിച്ചാണ് മിക്ക കളിക്കാരും ഫോമിലേക്ക് എത്തുന്നത്. എന്നാൽ ഇടവേളയ്ക്ക് ശേഷം മടങ്ങിവരുമ്പോഴെല്ലാം കോലി കൂടുതൽ അപകടകാരിയായ ബാറ്ററാണ്.
കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷങ്ങളായി അതിശയകരമായ ക്രിക്കറ്റാണ് അദ്ദേഹം കളിക്കുന്നത്. മികച്ച ഫോമിലാണ് കോലി. 2022-ലെ ഏഷ്യ കപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയതിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതിന് ശേഷം ഏറെ മികവോടെയാണ് കോലി കളിക്കുന്നത്.
വിരാട് കോലിയെ പോലൊരു കളിക്കാരൻ ഫോമിലായിരിക്കുമ്പോൾ, എല്ലാ മത്സരത്തിലും എങ്ങനെ റൺസ് നേടണമെന്ന് വ്യക്തമായി തന്നെ അറിയാനാവും. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ റണ്ണടിച്ച് കൂട്ടിയ കോലി ടൂര്‍ണമെന്‍റിന്‍റെ താരമായിരുന്നു.
അദ്ദേഹം ആ അത്ഭുതകരമായ ഫോം ഐപിഎല്ലിലും തുടരുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കാമറൂണ്‍ ഗ്രീനും ഗ്ലെന്‍ മാക്‌സ്‌വെല്ലും ടീമിലുണ്ടെങ്കിലും വിരാട് കോലിയുടെ ഫോം ആയിരിക്കും പ്ലേഓഫിൽ ആർസിബിയുടെ സ്ഥാനം നിശ്ചയിക്കുക"- മുഹമ്മദ് കൈഫ് പറഞ്ഞു.
മാര്‍ച്ച് 22-ന് തുടങ്ങുന്ന ഐപിഎല്ലിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royall Challenges Bangalore) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ (Chennai Super Kings) ഇറങ്ങുന്നുണ്ട്. അതേസമയം അഫ്‌ഗാനിസ്ഥാനെതിരെ ജനുവരിയില്‍ നടന്ന ടി20 പരമ്പരയിലാണ് 35-കാരനായ കോലി അവസാനമായി കളത്തിലെത്തിയത്. 2022-ലെ ടി20 ലോകകപ്പിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചായിരുന്നു ഫോര്‍മാറ്റില്‍ വീണ്ടും വിരാട് കോലി കളിക്കാന്‍ ഇറങ്ങിയത്.
ALSO READ: 'ലക്ഷ്യം കിരീടം മാത്രം...'; ഐപിഎല്ലിന് മുൻപ് നയം വ്യക്തമാക്കി ഗൗതം ഗംഭീര്‍
മൂന്ന് മത്സര പരമ്പരയിലെ അവസാന രണ്ട് ടി20കളിലായിരുന്നു താരം കളിച്ചത്. നിലയുറപ്പിച്ചതിന് ശേഷം ആക്രമിക്കുന്ന തന്‍റെ പതിവ് ശൈലിയില്‍ നിന്നും മാറി തുടക്കം തൊട്ട് ആക്രമണത്തിന് മുതിരുന്ന കോലിയെയാണ് പരമ്പരയില്‍ കാണാന്‍ കഴിഞ്ഞത്. ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു കോലിയെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സെലക്‌ടര്‍മാര്‍ ഫോര്‍മാറ്റിലേക്ക് തിരികെ എത്തിച്ചത്.
ALSO READ:ഐപിഎല്ലിന്‍റെ രണ്ടാം പകുതി കടല്‍ കടന്നേക്കും; കളിക്കാര്‍ക്ക് നിര്‍ദേശം, ബിസിസിഐ സംഘം യുഎഇയില്‍