മുംബൈ: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വെറ്ററന്‍ താരം രോഹിത് ശർമ നൽകിയ ഉപദേശങ്ങൾ അവഗണിച്ചെന്ന് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. റോയല്‍ ചലഞ്ചേഴ്‌സ് ഫിനിഷര്‍ ദിനേശ് കാര്‍ത്തികിന് എതിരെ തേര്‍ഡ്‌മാനില്‍ ആളെ നിര്‍ത്താന്‍ രോഹിത് പലതവണ ആവര്‍ത്തിച്ചെങ്കിലും ഹാര്‍ദിക് ചെവിക്കൊണ്ടില്ലെന്നാണ് മുഹമ്മദ് കൈഫ് പറഞ്ഞത്.
രോഹിത്തിന്‍റെ വാക്കുകള്‍ക്ക് ഹാര്‍ദിക് ചെവി നല്‍കാതിരുന്നതോടെ തേര്‍ഡ്‌മാനിലൂടെ ദിനേശ് കാര്‍ത്തിക് മൂന്ന് ബൗണ്ടറികളടിച്ചുവെന്നും മുഹമ്മദ് കൈഫ് പറഞ്ഞു. കമന്‍ററി ബോക്‌സിലായിരുന്നു ഹാര്‍ദിക്കിനെതിരെ കൈഫ് തുറന്നടിച്ചത്.
"ദിനേശ് കാര്‍ത്തികിനെതിരെ തേര്‍ഡ്‌മാനില്‍ ഫീല്‍ഡറെ നിര്‍ത്താന്‍ രോഹിത് ആവശ്യപ്പെടുന്നുണ്ടായിരുന്നു. കാര്‍ത്തിക് ആ ഭാഗത്തേക്ക് കളിക്കുമെന്ന് രോഹിത്തിന് അറിയാമായിരുന്നു. പക്ഷേ, ഹാര്‍ദിക് അതു കേട്ടില്ല. പിന്നാലെ മൂന്ന് ബൗണ്ടറികളാണ് ദിനേശ് കാര്‍ത്തിക് അതുവഴി അടിച്ചത്"- മുഹമ്മദ് കൈഫ് പറഞ്ഞു.
മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു കാര്‍ത്തിക് നടത്തിയത്. 23 പന്തുകളില്‍ പുറത്താവാതെ 53 റൺസായിരുന്നു താരം അടിച്ചത്. അഞ്ച് ബൗണ്ടറികളും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഡികെയുടെ ഇന്നിങ്‌സ്. എന്നാല്‍ ഏഴ് വിക്കറ്റുകളുടെ തോല്‍വിയാണ് ആര്‍സിബിയെ കാത്തിരുന്നത്.