ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ഏറെ നിര്‍ണായകമായ പ്രകടനം നടത്തിയത് യുവപേസര്‍ മായങ്ക് യാദവാണ്. തന്‍റെ വേഗപ്പന്തുകള്‍ കൊണ്ട് ആര്‍സിബി നിരയിലെ പേരുകേട്ട ബാറ്റര്‍മാരുടെ മുട്ടിടിപ്പിച്ച പ്രകടനമായിരുന്നു 21-കാരന്‍ നടത്തിയത്. മായങ്ക് എറിഞ്ഞ ഒരു പന്ത് പറന്നത് മണിക്കൂറില്‍ 156.7 കിലോമീറ്റർ വേഗതയിലാണ്. ഐപിഎല്‍ 17-ാം സീസണില്‍ നിലവില്‍ ഏറ്റവും വേഗമേറിയ പന്താണിത്.
തന്‍റെ തന്നെ റെക്കോഡാണ് മായങ്ക് തിരുത്തി എഴുതിയത്. നേരത്തെ, പഞ്ചാബ് കിങ്സിനെതിരെ 155.8 കിലോമീറ്റർ വേഗതയിലായിരുന്നു താരം പന്തെറിഞ്ഞത്. സീസണില്‍ വേഗത്തിന്‍റെ കാര്യത്തില്‍ രാജസ്ഥാന്‍റെ നാന്ദ്രെ ബർഗർ (153), മുംബൈ ഇന്ത്യന്‍സിന്‍റെ ജെറാൾഡ് കോറ്റ്‌സി (152.3), ആര്‍സിബിയുടെ അൽസരി ജോസഫ് (151.2), ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മതീഷ പതിരാന (150.9) എന്നിവരാണ് മായങ്കിന് പിന്നിലുള്ളത്.
അതേസമയം പഞ്ചാബിനെതിരായ മത്സരത്തിലെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ മായങ്ക് യാദവിന്‍റെ രണ്ടാമത്തെ മാത്രം മത്സരമായിരുന്നു ആര്‍സിബിക്ക് എതിരായത്. തന്‍റെ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിക്കൊണ്ട് മൂന്ന് വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. ബെംഗളൂരുവിന്‍റെ ഓസീസ് സൂപ്പര്‍ താരങ്ങളായ ഗ്ലെൻ മാക്സ്‍വെൽ, കാമറൂൺ ഗ്രീന്‍ എന്നിവര്‍ക്ക് പുറമെ രജത് പടിദാറിനേയുമായിരുന്നു മായങ്ക് ഇരയാക്കിയത്. വെറും രണ്ട് ബൗണ്ടറികള്‍ മാത്രമാണ് മായങ്കിനെതിരെ ആര്‍സിബി താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞത്.