മധുര: തമിഴ്‌നാട്ടിലെ പാലമേടിൽ ആവേശം തിരത്തല്ലിയ ജല്ലിക്കെട്ട് മത്സരം. 930 കാളകൾ പങ്കെടുത്ത മത്സരത്തിൽ 14 കാളകളെ മെരുക്കിയ നത്തം സ്വദേശി പാർത്ഥിബന്‍ ഒന്നാമനായി. അവസാന റൗണ്ടിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് വിജയിയായ പാർത്ഥിബന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ സ്പോൺസർ ചെയ്‌ത എട്ട് ലക്ഷം രൂപയുടെ കാറാണ് ഒന്നാം സമ്മാനമായി ലഭിച്ചത്.
400 കളിക്കാരാണ് ജല്ലിക്കെട്ടിൽ പങ്കെടുത്തത്. ആകെ 8 റൗണ്ടുകൾ നടന്നു. ഈ എട്ട് റൗണ്ടുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 മത്സരാർത്ഥികൾ അവസാന റൗണ്ടിൽ കളിച്ചു.
12 കാളകളെ മെരുക്കി മഞ്ചംപട്ടി സ്വദേശി തുൾഷിറാം രണ്ടാമതെത്തി. ഒരു ലക്ഷം രൂപ വിലയുള്ള ബൈക്കാണ് രണ്ടാം സമ്മാനമായി തുൾഷിറാമിന് നൽകിയത്. 11 കാളകളെ മെരുക്കിയ പോത്തുമ്പു പ്രഭാകരന് മൂന്നാം സമ്മാനമായി ഒരു ഇലക്‌ട്രിക് സ്‌കൂട്ടറും ലഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഛത്രപട്ടിയിൽ നിന്നുള്ള വിജയതങ്കപാണ്ടിയുടെ കാള മികച്ച കാളയായി തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ സ്‌പോൺസർ ചെയ്‌ത ട്രാക്‌ടറാണ് കാളയ്ക്ക് സമ്മാനമായി ലഭിച്ചത്.
ഒരു റൗണ്ടിൽ 50 കളിക്കാർ വീതമുള്ള 10 റൗണ്ടുകൾ നടത്തുന്നതിനായി 500 കളിക്കാരെ തെരഞ്ഞെടുത്തെങ്കിലും സമയപരിമിതി മൂലം മത്സരം 9 റൗണ്ടുകളിലൊതുക്കി. ഇതുമൂലം ഇന്നത്തെ മത്സരത്തിൽ 400 കളിക്കാർക്ക് മാത്രമാണ് പങ്കെടുക്കാനായത്.
51 പേർക്ക് പരിക്ക്
ജെല്ലിക്കെട്ടിനിടെ 51 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ 24 കളിക്കാരും, 16 പശു ഉടമകളും, ഒരു പെൺകുട്ടി ഉൾപ്പെടെ 11 കാണികളും ഉൾപ്പെടുന്നു. പരിക്കേറ്റ അഞ്ചുപേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ വിദഗ്‌ധ ചികിത്സയ്ക്കായി മധുര സർക്കാർ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.