പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക വിദ്യാർഥിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതൽ പേർ അറസ്‌റ്റിൽ. അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമുൾപ്പെടെയാണ് അറസ്‌റ്റിലായത്. ഒരു പ്രതിയെ ചെന്നൈയിൽ നിന്നുമാണ് മലയാലപ്പുഴ പൊലീസ് പിടികൂടിയത്.
കല്ലമ്പലം പൊലീസിന് കൈമാറിയ കേസിലെ പ്രതിയെയും പിടികൂടി. പ്രതികളിൽ ഒരാൾ മാതാപിതാക്കൾക്കൊപ്പം ഡിവൈഎസ്‌പി ഓഫീസിൽ എത്തി കീഴടങ്ങി. ഇതോടെ കേസില്‍ 52 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കേസിൽ 2 പേർ വിദേശത്താണുള്ളത്.
ഇലവുംതിട്ട പൊലീസ് ഇന്നലെ (14-01-2025) രാത്രി രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതിയെ ഉടനടി പിടികൂടി. സുമിത് (25) ആണ് അറസ്‌റ്റിലായത്. ഇതോടെ ഇലവുംതിട്ട പൊലീസ് രജിസ്‌റ്റർ ചെയ്‌ത ആകെ കേസുകളുടെ എണ്ണം 17 ആയി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാല് സ്‌റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാർഥിനിയുടെ മൊഴി പ്രകാരം രജിസ്‌റ്റർ ചെയ്‌തത്. നേരത്തെ എടുത്ത മൂന്ന് കേസുകളിലെ ഓരോ പ്രതികളെകൂടി ഇലവുംതിട്ട പൊലീസ് ഇന്ന് അറസ്‌റ്റ് ചെയ്‌തു. ആർ രഞ്ജിത്ത് (23), അതുൽ ലാൽ (19), പി പ്രവീൺ (20) എന്നിവരാണ് ഇന്ന് പിടിയിലായവർ. ആകെ 25 പ്രതികളിൽ 19 പേർ ഇതുവരെ ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്.
ഒരു പ്രതി പത്തനംതിട്ട പൊലീസ് കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്‌ത പോക്‌സോ കേസിൽ ജയിലിലാണ്. ഇലവുംതിട്ട പൊലീസ് ഇനി അറസ്‌റ്റ് ചെയ്യാനുള്ളത് 5 പ്രതികളെ മാത്രമാണ്. മലയാലപ്പുഴ സ്‌റ്റേഷനിലെ കേസിലെ പ്രതി അഭിജിത്തി (26) നെ ചെന്നൈയിൽ നിന്ന് ഇന്ന് പിടികൂടി. ചെന്നൈ അണ്ണാ നഗറിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം കുടുക്കിയത്. രണ്ട് ദിവസമായി ഇവിടെയും പരിസരങ്ങളിലുമായി രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു പൊലീസ്.
ജില്ലാ പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ ഊർജ്ജിത അന്വേഷണമാണ് ഫലം കണ്ടത്. ഇതോടെ ആകെ അറസ്‌റ്റ് 52 ആയി. പത്തനംതിട്ട സ്‌റ്റേഷനിലെടുത്ത 11 കേസുകളിൽ രണ്ടെണ്ണത്തിലൊഴികെ എല്ലാ കേസിലെയും പ്രതികൾ ഇതിനകം അറസ്‌റ്റിലായിക്കഴിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.
വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പന്തളം ഒന്ന്, മലയാലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം.
കേസിൽ ഇനി പിടികൂടാനുള്ളത് 7 പ്രതികളെയാണ്. ഇതിൽ 5 പ്രതികൾ ഇലവുംതിട്ട സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളിലെയാണ്. ഇവരെ മുഴുവൻ തിരിച്ചറിഞ്ഞതായും ഉടനടി പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Also Read: 'ഇനി വാ തുറക്കില്ല', നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍; കേസ് തീര്‍പ്പാക്കി ഹൈക്കോടതി