ബിലാസ്‌പൂർ: നിര്‍ബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ. അത്തരം പദ്ധതികളെ ചെറുക്കേണ്ടതാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. ഛത്തീസ്‌ഗഡ് ബിലാസ്‌പൂരിലെ ഗുരു ഗാസിദാസ് സർവകലാശാലയുടെ 11-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരിവർത്തനം നടത്താൻ നിർബന്ധിക്കുന്നത് സാമൂഹിക സ്ഥിരതയെ തകർക്കാനുള്ള ശ്രമമാണ്. ഇത് ആശങ്കാജനകമാണ്. വികസനത്തിന് ഏറ്റവും വലിയ തടസം നക്‌സലിസമാണെന്നും ജഗ്‌ദീപ് ധൻകർ പറഞ്ഞു. ആദിവാസികളുടെ വികസനത്തിനും ഇത് വലിയ തടസമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭീഷണി ഇല്ലാതാക്കാൻ ഗൗരവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഉപരാഷ്‌ട്രപതി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നക്‌സലിസത്തിനെതിരായ പോരാട്ടത്തിന് വിഷ്‌ണു ദിയോ സായിയുടെ ഛത്തീസ്‌ഗഡ് സർക്കാരിനെ ഉപരാഷ്‌ട്രപതി പ്രശംസിച്ചു. ഛത്തീസ്‌ഗഡിൽ, നിരവധി നക്‌സലൈറ്റുകളെ അറസ്റ്റ് ചെയ്യുകയോ അവർ സ്വയം കീഴടങ്ങുകയോ ചെയ്‌തിട്ടുണ്ട്. സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു രാജ്യത്ത് നക്‌സലിസത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ലോകം മാന്ദ്യത്തിലും സ്‌തംഭനാവസ്ഥയിലും അകപ്പെട്ടപ്പോഴും ആഗോള സാമ്പത്തിക രംഗത്ത് തിളക്കമുള്ള രാജ്യമായി നമ്മൾ തുടർന്നു. ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന ടാഗ് കഴിഞ്ഞ ദശകത്തിന്‍റെ ഭൂരിഭാഗവും നമ്മൾ നിലനിർത്തിയിട്ടുണ്ട്. ഇപ്പോൾ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണ് നമ്മള്‍. നിലവില്‍ അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാണ് നമ്മൾ.' - ജഗ്‌ധീപ് ധന്‍കര്‍ പറഞ്ഞു.
സർക്കാർ ജോലികളിൽ മാത്രം ഒതുങ്ങാതെ പുതിയ അവസരങ്ങൾ കണ്ടെത്തി വിജയിക്കണമെന്ന് വിദ്യാർഥികളോട് ഉപരാഷ്‌ട്രപതി പറഞ്ഞു. ഛത്തീസ്‌ഗഢ് ഗവർണർ രാമൻ ദേകയും മുഖ്യമന്ത്രി സായിയും ചടങ്ങിൽ പങ്കെടുത്തു.