പത്തനംതിട്ട: വടശ്ശേരിക്കരയിൽ അലക്ഷ്യമായി ഇട്ടിരുന്ന വൈദ്യുത കേബിളിൽ നിന്ന് ഷോക്കേറ്റ് അയ്യപ്പഭക്തൻ മരിച്ചു.
തമിഴ്‌നാട് കൃഷ്‌ണഗിരി ഹോസൂർ സ്വദേശി നാഗരാജൻ (58) ആണ് മരിച്ചത്. വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപം പാലത്തിൻ്റെ വലത് വശത്തായി കെഎസ്ഇബി ജീവനക്കാർ അലക്ഷ്യമായി ഇട്ടിരുന്ന കേബിളിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
മകരവിളക്ക് ദർശിച്ച് മലയിറങ്ങിയ അൻപതംഗ തീർഥാടക സംഘത്തിനൊപ്പമാണ് നാഗരാജനും രാത്രി 11 ഓടെ വടശ്ശേരിക്കരയിലെത്തുന്നത്. ഇലകൾക്കുള്ളിൽ ഒളിഞ്ഞിരുന്ന കേബിളിൽ നിന്നുള്ള അപകടം തിരിച്ചറിയാതെ ഇവിടെ മൂത്രമൊഴിച്ചപ്പോൾ നാഗരാജന്‍ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു.
സംഭവം അറിഞ്ഞ് എത്തിയ ലൈൻമാൻ വൈദ്യുത ബന്ധം വിഛേദിച്ച ശേഷം അശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം അയ്യപ്പസേവാസംഘം പ്രവർത്തകർ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം വടശ്ശേരിക്കര പാലത്തിൽ നടത്തിയ സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി വൈദ്യുതി നൽകിയിരുന്ന കേബിള്‍ ആണിത്. ഈ കേബിളിൽ വൈദ്യുത പ്രവാഹമുള്ളത് പലപ്പോഴും വടശ്ശേരിക്കരയിൽ വൈദ്യുതി മുടങ്ങുന്നതിനും അപകടങ്ങൾക്കും കാരണമാകുമെന്ന് നിരവധി തവണ പരാതിപ്പെട്ടിരുന്നതായും നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ പരാതി പരിഹരിക്കാൻ, ചാർജുള്ള കേബിൾ പുല്ലുകൾക്കിടയിലേക്കിട്ട് അതിന് മുകളിൽ ടച്ച് വെട്ടിയ ഇലകൾ കൊണ്ടിടുകയാണ് കെഎസ്ഇബി അധികൃതർ ചെയ്‌തത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് തീർഥാടകൻ്റെ ജീവൻ നഷ്‌ടപ്പെടാൻ ഇടയാക്കിയതെന്ന് അയ്യപ്പ സേവാസംഘം ആരോപിച്ചു.
സംഭവത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, മരിച്ച തീർഥാടകൻ്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണമെന്നും അയ്യപ്പസേവാസംഘം ദേശീയ പ്രസിഡൻ്റ് സംഗീത് കുമാർ, സെക്രട്ടറി പ്രസാദ് കുഴിക്കാല എന്നിവർ ആവശ്യപ്പെട്ടു.