ന്യൂഡൽഹി : കരിയറിൽ നിന്ന് വിരമിക്കുകയാണെന്ന വാർത്ത തള്ളി ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം. താൻ ഒരിക്കലും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മേരി കോം വിശദീകരിച്ചു (Mary Kom Refutes Retirement Specalution).
"ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എനിക്ക് വിരമിക്കൽ പ്രഖ്യാപിക്കണമെങ്കിൽ ഞാൻ വ്യക്തിപരമായി മാധ്യമങ്ങൾക്ക് മുന്നിൽ വരും. വിരമിക്കൽ പ്രഖ്യാപിച്ചെന്ന ചില വാര്‍ത്തകള്‍ എന്‍റെ ശ്രദ്ധയില്‍പ്പെട്ടു, അത് ശരിയല്ല" - മേരി കോം പറഞ്ഞു.
ദിബ്രുഗഡിൽ ഒരു സ്‌കൂൾ പരിപാടിയിൽ പങ്കെടുക്കവെ കുട്ടികളെ പ്രചോദിപ്പിക്കാൻ പറഞ്ഞ കാര്യങ്ങളാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്നും മേരി കോം പറഞ്ഞു. താൻ ഇപ്പോഴും എന്‍റെ ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വിരമിക്കൽ പ്രഖ്യാപിക്കുമ്പോള്‍ എല്ലാവരേയും അറിയിക്കുമെന്നും മേരി കോം കൂട്ടിച്ചേർത്തു.
ഇനിയും ബോക്‌സിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കേണ്ടിവരുന്നത് എന്നുമാണ് പരിപാടിയിൽ പങ്കെടുക്കവെ മേരി കോം കുട്ടികളോട് പറഞ്ഞത്. ജീവിതത്തില്‍ എല്ലാം നേടിയെന്നും മേരി കോം പറഞ്ഞിരുന്നു.
"ബോക്‌സിങ്ങിനോടുള്ള എന്‍റെ അഭിനിവേശം ഇപ്പോഴുമുണ്ട്. എന്നാൽ പ്രായപരിധി കഴിഞ്ഞതിനാല്‍ എനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. കൂടുതൽ കളിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ നിര്‍ത്താന്‍ നിർബന്ധിതയാവുകയാണ്. പ്രായപരിധി കാരണം എനിക്ക് വിരമിക്കേണ്ടതുണ്ട്. എന്‍റെ ജീവിതത്തിൽ ഞാൻ എല്ലാം നേടി" - മേരി കോം പറഞ്ഞു.