ലണ്ടൻ :പ്രീമിയര്‍ ലീഗില്‍ (Premier League) വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). സീസണിലെ 28-ാമത്തെ മത്സരത്തില്‍ എവര്‍ട്ടണെയാണ് (Everton) ചെകുത്താന്മാര് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മത്സരത്തില്‍ യുണൈറ്റഡിന്റെ ജയം (Manchester United vs Everton Result).
ബ്രൂണോ ഫെര്‍ണാണ്ടസ് (Bruno Fernandez), മാര്‍ക്കസ് റാഷ്ഫോര്‍ഡ് (Marcus Rashford) എന്നിവരാണ് മത്സരത്തില്‍ യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ട് ഗോളിന്റെയും പിറവി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആയിരുന്നു യുണൈറ്റഡ് രണ്ട് ഗോളും എവര്ട്ടണ് വലയില്‍ എത്തിച്ചത്.
സീസണില്‍ 28 മത്സരം പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടുന്ന 15-ാമത്തെ ജയമാണിത്. രണ്ട് സമനിലയും 11 തോല്‍വിയും സ്വന്തമായുള്ള അവര്‍ 47 പോയിന്റോടെ ലീഗില്‍ ആറാം സ്ഥാനത്ത് തുടരുകയാണ് (Premier League Standings).
ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് വമ്പൻ തോല്‍വി വഴങ്ങിയതിന് ശേഷം സ്വന്തം തട്ടകത്തിലേക്ക് യുണൈറ്റഡ് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. അവസാന മത്സരം കളിച്ച അതേ ഇലവനാണ് എവര്‍ട്ടണിനെതിരെയും യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയത്. പന്തടക്കത്തിലേക്കും ലക്ഷ്യത്തിലേക്ക് ഉതിര്‍ത്ത ഷോട്ടുകളുടെ എണ്ണത്തിലും ഇരു ടീമും ഒപ്പത്തിനൊപ്പം തന്നെ നിന്നിരുന്നു.