ലുധിയാന: പഞ്ചാബിൽ ആം ആദ്‌മി പാർട്ടി എംഎൽഎയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന വെസ്‌റ്റ് ജില്ലയിലെ എംഎൽഎ ഗുർപ്രീത് ഗോഗിയെയാണ് ഇന്നലെ രാത്രി സംശയാസ്‌പദമായ സാഹചര്യത്തിൽ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗോഗിയുടെ തലയ്‌ക്ക് വെടിയേറ്റിരുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ. വെടിയേറ്റ നിലയിൽ കണ്ടതിനുപിന്നാലെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്‌ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം നിലവിൽ ലുധിയാനയിലെ ഡിഎംസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗോഗിയുടെ മരണം വളരെ ദുഃഖകരമാണെന്ന് മന്ത്രിയും പഞ്ചാബിലെ എഎപി അധ്യക്ഷനുമായ അമൻ അറോറ പറഞ്ഞു. കുടുംബത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകും. മരണകാരണത്തെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും പോലീസ് അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷയം അന്വേഷിച്ചുവരികയാണെന്ന് ജോയിൻ്റ് കമ്മീഷണർ ജസ്‌കി രഞ്ജിത് സിങ് തേജ പറഞ്ഞു. മരണത്തിൻ്റെ യഥാർഥ കാരണം ഇപ്പോൾ അന്വേഷണത്തിലാണെന്നും ജോയിൻ്റ് കമ്മീഷണർ പറഞ്ഞു. അബദ്ധത്തിൽ വെടിവച്ചതാണെന്നാണ് പോലീസ് നിലവിൽ നൽകുന്ന വിശദീകരണം.
ആം ആദ്‌മി പാർട്ടിയിലെത്തും മുന്‍പ് കോൺഗ്രസ് നേതാവായിരുന്നു ഗുർപ്രീത് ഗോഗി. അക്കാലത്ത് കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.