പത്തനംതിട്ട: കായികതാരമായ പെണ്‍കുട്ടിയെ 64 പേര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസില്‍ പത്തുപേര്‍ കൂടി കസ്റ്റഡിയില്‍. ഇന്നലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പുലർച്ചെ രജിസ്റ്റർ ചെയ്‌ത മൂന്ന് കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പത്ത് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ഇന്നലെ ഇലവുംതിട്ട പൊലീസ് അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു. സുബിന്‍ (24), എസ് സന്ദീപ് (30), വി കെ വിനീത് (30), കെ അനന്ദു (21), സുധി (ശ്രീനി, 24) എന്നിവരാണ് അറസ്‌റ്റിലായത്. അഞ്ചാം പ്രതി അച്ചു ആനന്ദ് (24) പത്തനംതിട്ട സ്‌റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം രജിസ്‌റ്റര്‍ ചെയ്‌ത മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്.
ഇതിന് പിറകെയാണ് കൂടുതല്‍ പേര്‍ കസ്റ്റഡിയിലായത്. കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. 64 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെണ്‍കുട്ടിയെ ചൂഷണം ചെയ്‌തവരില്‍ പരിശീലകരും കായികതാരങ്ങളും സഹപാഠികളും അയല്‍വാസികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. സ്‌കൂളില്‍ വച്ചും വീട്ടില്‍ വച്ചും അതിക്രമമുണ്ടായി. പൊതു ഇടത്തിലും ചൂഷണത്തിനിരയായതായി പെണ്‍കുട്ടി പറഞ്ഞു. സിഡബ്ല്യൂസിയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡന വിവരങ്ങള്‍ പുറത്തെത്തിയത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസുണ്ട്.
ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്‌തു. ഇത് കണ്ടവരും പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തു. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ തന്നെ 64 പ്രതികളുണ്ടെന്നാണ് സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതല.
കസ്റ്റഡിയിലെടുത്തുവരെ വിശദമായി ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. പരമാവധി പ്രതികളെ ഉടന്‍ പിടികൂടാനാണ് പൊലീസ് നീക്കം.
പെണ്‍കുട്ടിയില്‍ നിന്നും ലഭ്യമായ മൊഴിയും യുവാക്കളുടെ പ്രതികരണവും തമ്മില്‍ യോജിക്കാത്ത സാഹചര്യം ഉണ്ടായാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിച്ച് സമഗ്രമായ അന്വേഷണം നടക്കും. അതിനുശേഷം മാത്രമേ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നുമാണ് സൂചന.
Also Read: വാളയാർ കേസ്; മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം