മലപ്പുറം:സൂപ്പർ ലീഗ് കേരള ഫുട്ബോള്‍ മത്സരത്തില്‍ ഇന്ന് ഫോഴ്‌സാ കൊച്ചിയും മലപ്പുറം എഫ്.സിയും വീണ്ടും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മലപ്പുറത്തിനായിരുന്നു. ഇത്തവണ വിജയകൊടി പാറിക്കാനാണ് കൊച്ചിയുടെ ശ്രമം. പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള മലപ്പുറവും മൂന്നാമതുള്ള കൊച്ചിയുടെ പോരാട്ടം മലപ്പുറത്ത് വച്ചാണ് നടക്കുന്നത്. രാത്രി 7.30 ആണ് മത്സരം ആരംഭിക്കുന്നത്.
മലപ്പുറത്തിന്‍റെ നായകന്‍ അനസ് എടത്തൊടിക, ബുജൈർ, റൂബൻ ഗാർസ്, ഗുർജീന്ദർ എന്നിവര്‍ക്ക് പരിക്ക് പറ്റിയത് എം.എഫ്.സിയുടെ നില പരുങ്ങിലാക്കും. പകരക്കാരായി മണിപ്പൂർ താരങ്ങളായ ബിദ്യാനന്ദ സിങ്, വിങറായ നൈറോം നോങ്ഡംബോ സിങ് എന്നിവര്‍ കളത്തലിറങ്ങും. നൈറോം കേരള ബ്ലാസ്‌റ്റേഴ്‌സ്, ജംഷഡ്പുർ എഫ്.സി എന്നിവർക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ബിദ്യാനന്ദ ബംഗളൂരു എഫ്.സി, മുംബൈ സിറ്റി, മോഹൻ ബഗാൻ, റൗണ്ട് ഗ്രാസ് പഞ്ചാബ് എന്നിവർക്കായും കളിച്ചിട്ടുണ്ട്. ഇന്നത്തെ കളിയില്‍ വിജയമാണെങ്കില്‍ പോയിന്‍റ് ടേബിളില്‍ മലപ്പുറത്തിന് നാലാം സ്ഥാനത്തേക്ക് മുന്നേറാന്‍ കഴിയും.