കേരളം

kerala

'കിരീടങ്ങളുടെ തോഴന്‍'; കോപ്പ അമേരിക്ക ജയത്തോടെ മെസിക്ക് ലോക റെക്കോഡ് - Lionel Messi Titles

By ETV Bharat Kerala Team

Published : Jul 15, 2024, 3:00 PM IST

രാജ്യത്തിനും ക്ലബിനും വേണ്ടി ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമായി ലയണല്‍ മെസി.

ലയണല്‍ മെസി  മെസി കിരീടങ്ങള്‍  LIONEL MESSI TROPHIES  MESSI
Lionel Messi (AP)

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമായി അര്‍ജന്‍റൈൻ സൂപ്പര്‍ താരം ലയണല്‍ മെസി. കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ചാമ്പ്യന്മാരായതിന് പിന്നാലെയാണ് കിരീടനേട്ടത്തില്‍ മെസി പുതിയ റെക്കോഡിന് ഉടമയായത്. ക്ലബിനും രാജ്യത്തിനുമൊപ്പം മെസി സ്വന്തമാക്കിയ 45-ാം കിരീടമായിരുന്നു ഈ കോപ്പ അമേരിക്ക.

കോപ്പ ജയത്തോടെ ബ്രസീലിയൻ താരം ഡാനി ആല്‍വസിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മെസി മറികടന്നത്. ക്ലബിനും രാജ്യത്തിനുമായി 44 കിരീടങ്ങളായിരുന്നു ഡാനി ആല്‍വസ് നേടിയത്.

45 കിരീടങ്ങളില്‍ 39 എണ്ണവും ക്ലബിനൊപ്പമാണ് മെസി സ്വന്തമാക്കിയത്. സപാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കൊപ്പമായിരുന്നു താരത്തിന്‍റെ നേട്ടങ്ങളില്‍ ഭൂരിഭാഗവും. ബാഴ്‌സയ്‌ക്കൊപ്പം പത്ത് ലീഗ് ടൈറ്റിലും 15 ആഭ്യന്തര കപ്പുകളും നാല് ചാമ്പ്യൻസ് ട്രോഫിയും മെസി നേടിയിട്ടുണ്ട്. പിഎസ്‌ജി, ഇന്‍റര്‍ മയാമി ടീമുകള്‍ക്കൊപ്പമാണ് ബാക്കി നാല് കിരീടങ്ങള്‍.

ദേശീയ ജഴ്‌സിയില്‍ ആറ് കിരീടങ്ങളാണ് താരത്തിന്‍റെ അക്കൗണ്ടില്‍. ഇതില്‍ നാലെണ്ണവും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കാലയളവിലാണ് താരം നേടിയത്. ഒരു ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക, ഒരു ഫൈനലിസിമ കിരീടങ്ങളാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ അര്‍ജന്‍റീനയുടെ കുപ്പായത്തില്‍ മെസി സ്വന്തമാക്കിയത്. 2005ലെ അണ്ടര്‍ 17 ലോക കിരീടവും 2008ലെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡലുമാണ് മറ്റ് നേട്ടങ്ങള്‍.

അതേസമയം, കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്‍റീനയുടെ ജയം. പരിക്കിനെ തുടര്‍ന്ന് മത്സരത്തിന്‍റെ മുഴുവൻ സമയവും മെസിയ്‌ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. വലതുകാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തെ 64-ാം മിനിറ്റില്‍ കളത്തില്‍ നിന്നും പിൻവലിച്ചു.

എക്‌സ്ട്രാ ടൈമിലായിരുന്നു മത്സരത്തില്‍ അര്‍ജന്‍റീന വിജയ ഗോള്‍ നേടിയത്. ലൗട്ടേറ മാര്‍ട്ടിനെസായിരുന്നു ഗോള്‍ സ്കോറര്‍. കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീനയുടെ 16-ാം കിരീടം കൂടിയായിരുന്നു ഇത്.

Also Read :ഫൈനലുകളില്‍ ആല്‍ബിസെലസ്റ്റുകളുടെ രക്ഷകനാകാൻ ഡി മരിയ ഇനിയുണ്ടായികില്ല; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച് മിശിഹായുടെ സ്വന്തം 'മാലാഖ'

ABOUT THE AUTHOR

...view details