രജനികാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ജയിലറി'ന് രണ്ടാം ഭാഗം വരുന്നു. 'ജയിലര്‍ 2' നായി വീണ്ടും കൈ കോര്‍ക്കുകയാണ് രജനികാന്തും നെല്‍സണ്‍ ദിലീപ് കുമാറും അനിരുദ്ധ് രവിചന്ദറും. നെല്‍സണ്‍ സംവിധാനം ചെയ്‌ത 'ജയിലറി'ന്‍റെ രണ്ടാം ഭാഗം എത്തുന്നുവെന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോഴിതാ 'ജയിലര്‍ 2'വിന്‍റെ അനൗണ്‍സ്‌മെന്‍റ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പൊങ്കല്‍ സമ്മാനമായാണ് അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ്‌മെന്‍റ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. സണ്‍ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ടീസര്‍ റിലീസ്. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലും ടീസര്‍ പ്രദര്‍ശിപ്പിക്കും.
നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍. യൂട്യൂബ് ട്രെന്‍ഡിംഗിലും ടീസര്‍ മുന്നിലാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് 'ജയിലര്‍ 2' അനൗന്‍സ്‌മെന്‍റ് ടീസര്‍. ഇതുവരെ ഏഴ് ലക്ഷത്തിലധികം ആളുകളാണ് 'ജയിലര്‍ 2' അനൗന്‍സ്‌മെന്‍റ് ടീസര്‍ കണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിലെ രംഗങ്ങള്‍ അനുസ്‌മരിപ്പിക്കും വിധമാണ് രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്.
സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും തമ്മിലുള്ള സംഭാഷണത്തോടു കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. പുതിയ സിനിമയുടെ ചര്‍ച്ചയിലാണ് ഇരുവരും.. പെട്ടെന്ന് വെടിയേറ്റും വെട്ടുകൊണ്ടും ഒരു കൂട്ടം വില്ലന്‍മാര്‍ മുറിയ്‌ക്ക് അകത്തേയ്‌ക്ക് ഓടിയെത്തുന്നു.
ഇതിന് പിന്നാലെ കയ്യില്‍ ആയുധവുമായി രജനീകാന്തും എത്തുന്നു. ഒടുവില്‍ ആയുധം വലിച്ചെറിഞ്ഞ് തിരിച്ച് പോകുന്ന രജനിയെ നോക്കി നില്‍ക്കുന്ന നെല്‍സണെയും അനിരുദ്ധിനെയും ടീസറില്‍ കാണാം. ടീസര്‍ പുറത്തുവിട്ടെങ്കിലും സിനിമയുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചിത്രം ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
'ജയിലര്‍ 2' വരുമ്പോള്‍ ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാല്‍, ശിവരാജ്‌കുമാര്‍ അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.