ഹാങ്‌ഝൗ: മാര്‍ച്ചില്‍ ചൈനയില്‍ വെച്ച് നൈജീരിയക്കെതിരെ നടത്താനിരുന്ന അര്‍ജന്‍റീനയുടെ സൗഹൃദ മത്സരം റദ്ദാക്കി (Argentina's Friendly Match In China Cancelled). ഹോങ്കോങ് ഇലവനെതിരായ മത്സരത്തില്‍ ഇന്‍റര്‍ മയാമിക്കായി സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi) കളിക്കാതിരുന്നതിനെ തുടര്‍ന്നുള്ള ആരാധക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. നൈജീരിയ (Nigeria), ഐവറി കോസ്റ്റ് (Ivory Coast) ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കായാണ് ലയണല്‍ മെസിയും സംഘവും അടുത്ത മാസം ചൈനയിലേക്ക് എത്താനിരുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ഹോങ്കോങ് ഇലവനെതിരെ ഇന്‍റര്‍ മയാമിയുടെ സൗഹൃദ മത്സരം നടന്നത് (Hong Kong XI vs Inter Miami). റിയാദ് സീസണ്‍ കപ്പിലെ ആദ്യ മത്സരത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട മെസി അല്‍ നസ്‌റിനെതിരായ രണ്ടാം മത്സരത്തില്‍ പകരക്കാരനായിട്ടായിരുന്നു കളിക്കാനെത്തിയത്. തുടര്‍ന്ന് ഹോങ്കോങ് ഇലവനെതിരായ മത്സരത്തില്‍ മെസി കളിക്കാനിറങ്ങാതിരുന്നത് ആരാധകരെ നിരാശരാക്കി.
മെസി കളിക്കാതിരുന്ന സാഹചര്യത്തില്‍ ടിക്കറ്റിനായി നല്‍കിയ തുക തിരികെ നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. സ്ഥിതി ശാന്തമാക്കാന്‍ ടിക്കറ്റ് നിരക്കിന്‍റെ പകുതി തിരികെ നല്‍കാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. ഇതിന് പിന്നാലെ ജപ്പാനിലേക്കാണ് ഇന്‍റര്‍ മയാമി സംഘം പോയത്.