ഡുസെല്‍ഡോര്‍ഫ്: യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രിയയ്‌ക്ക് എതിരെ ജയിച്ചെങ്കിലും ഫ്രാൻസ് ആരാധകരുടെ ചങ്കിടിപ്പേറ്റി സൂപ്പര്‍ താരം കിലിയൻ എംബാപ്പെയുടെ പരിക്ക്. മത്സരത്തിന്‍റെ 87-ാം മിനിറ്റില്‍ ഓസ്‌ട്രിയൻ താരം കെവിൻ ഡാൻസോസുമായി കൂട്ടിയിടിച്ച് എംബാപ്പെയുടെ മൂക്കിനാണ് പരിക്കേറ്റത്. കൂട്ടിയിടില്‍ മൂക്കില്‍ നിന്നും ചോര വാര്‍ന്നതോടെ താരത്തെ കളിക്കളത്തില്‍ നിന്നും പിൻവലിക്കുകയായിരുന്നു.
ഇതോടെ, താരത്തിന് അടുത്ത മത്സരങ്ങളില്‍ കളിക്കാനാകുമോ എന്ന കാര്യത്തിലായിരുന്നു ആരാധകര്‍ക്കിടയില്‍ ആശങ്ക. എന്നാല്‍, ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന തരത്തിലാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത മത്സരത്തിലും ഫ്രഞ്ച് സൂപ്പര്‍ താരം കളത്തിലിറങ്ങുമെന്നാണ് വിവരം.
ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി മുഖത്ത് മാസ്‌ക് ധരിച്ചായിരിക്കും എംബാപ്പെ കളിക്കാനിറങ്ങുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫ്രാൻസ് ഫുട്‌ബോള്‍ ഫെഡറേഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ താരം ശസ്‌ത്രക്രിയക്ക് വിധേയനാകുമെന്നും പരിക്ക് പൂര്‍ണമായും ഭേദമാകുന്നത് വരെ മാസ്‌ക് ധരിച്ചായിരിക്കും എംബാപ്പെ കളിക്കുക എന്നാണ് ഫെഡറേഷന്‍ വ്യക്തമാക്കിയത്.
അതേസമയം, ഓസ്‌ട്രിയക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രാൻസിന്‍റെ ജയം. ഓസ്‌ട്രിയൻ പ്രതിരോധനിര താരം മാക്‌സിമിലിയൻ വോബറിന്‍റെ സെല്‍ഫ് ഗോളായിരുന്നു ഫ്രാൻസിനെ തുണച്ചത്.
Read More :സെല്‍ഫ് ഗോളില്‍ 'കഷ്‌ടിച്ച് രക്ഷപെട്ട്' ഫ്രാൻസ്; ആദ്യ കളിയില്‍ തകര്‍പ്പൻ പ്രകടനവുമായി ഓസ്‌ട്രിയ - France vs Austria Result