മലപ്പുറം : എംടിയുടെ വിയോഗത്തിൽ അനുസ്‌മരിച്ചുകൊണ്ട് തിരക്കഥാകൃത്തും സാംസ്‌കാരിക സാഹിത്യ ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത്. എംടി വാസുദേവൻ നായരുടെ വിയോഗം മലയാളികൾക്ക് മാത്രമല്ല നമ്മുടെ രാജ്യത്തിന് തന്നെ വലിയ നഷ്‌ടമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ സിനിമാക്കാരെ സംബന്ധിച്ചിടത്തോളം എംടി ഒരു വലിയ വഴിയാണ് തെളിയിച്ച് തന്നിരിക്കുന്നത്. ഒരു സാഹിത്യകാരന് എങ്ങനെ ഒരു സിനിമാക്കാരനാകാം ഒരു ചെറുകഥ എങ്ങനെ ഒരു തിരക്കഥയാകും ആ തിരക്കഥ എങ്ങനെ ഒരു സിനിമയാകും അതൊക്കെ കാണിച്ച് തന്നത് എംടിയാണ്.
എംടിയുടെ 50ഓളം തിരക്കഥകൾ വായിച്ചു കൊണ്ടും പഠിച്ചുകൊണ്ടുമാണ് ഒരു തിരക്കഥ എഴുതാൻ തന്നെ തങ്ങൾ തുടങ്ങുന്നത് എന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. അതുകൊണ്ടുതന്നെ എംടി ഒരു നോവലിസ്‌റ്റ് അതല്ലെങ്കിൽ ഒരു ചെറുകഥാകൃത്ത് അല്ലെങ്കിൽ ഒരു കോളമിനിസ്‌റ്റ് അല്ലെങ്കിൽ ഒരു പത്രാധിപർ എന്നതിനേക്കാളൊക്കെ അപ്പുറത്ത് അദ്ദേഹത്തിന്‍റെ ഭാവനയിലുള്ള കഥാപാത്രങ്ങളെ അതിന്‍റെ കൃത്യമായ ഇമേജുകളെ അക്ഷരങ്ങളിലൂടെ മാത്രമല്ല ഇമേജുകളായി നേരിട്ട് തന്നെ മനുഷ്യന്‍റെ മനസിലേക്ക് ആഴത്തിൽ സന്നിവേശിപ്പിക്കാൻ എപ്പോഴും എംടിക്ക് സാധിച്ചിരുന്നു. എംടിയുടെ കഥാപാത്രങ്ങൾ അതുകൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നത്. ആ അനശ്വര കഥാപാത്രങ്ങൾ എന്നും ഈ നമ്മുടെയൊക്കെ മനസിൽ ജ്വലിച്ച് കൊണ്ടിരിക്കും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളജ് കാലഘട്ടത്തിലാണ് താൻ എംടിയെ അങ്ങോട്ട് ചെന്ന് പരിചയപ്പെടുന്നതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആ ബന്ധം മൂന്ന് പതിറ്റാണ്ടോളം കാലം തുടർന്നുപോന്നു. എപ്പോഴും തന്നെ ആശിർവദിക്കാൻ അനുഗ്രഹിക്കാൻ ഉപദേശങ്ങൾ തരാൻ ചുരുങ്ങിയ വാക്കുകളിലൂടെ എപ്പോഴും തനിക്ക് പ്രോത്സാഹനം നൽകിയിരുന്ന വ്യക്തിയായിരുന്നു എംടി.
തന്‍റെ ആദ്യ സിനിമയായ 'പാഠം ഒന്ന് ഒരു വിലാപം' ആണെങ്കിലും അത് കഴിഞ്ഞുള്ള 'ദൈവനാമ'ത്തിലാണെങ്കിലും ഇതെല്ലാം എംടിയുടെ കൈ കൊണ്ടാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. മാത്രമല്ല തന്‍റെ ചിത്രങ്ങളുടെയെല്ലാം പ്രിവ്യു കാണാൻ എംടി വാസുദേവൻ നായർ എത്തിയിരുന്നു. അത് കണ്ട് തന്നെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
താൻ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന സമയത്ത് രാജ്യത്ത് ആദ്യമായി തന്നെ എല്ലാവർക്കും നാലാം ക്ലാസ് വിദ്യാഭ്യാസം കൊടുക്കുന്ന ജ്യോതിർഗമയ പദ്ധതി ആരംഭിക്കുന്നതിനെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോൾ വളരെയധികം പ്രചോദനം നൽകിയിരുന്നു. മാത്രമല്ല അതിന്‍റെ തുടക്കം അക്ഷരങ്ങളുടെ പിതാവായ തുഞ്ചത്ത് എഴുത്തച്‌ഛന്‍റെ മണ്ണിൽ നിന്ന് വേണം നിങ്ങൾ തുടങ്ങാനെന്ന് എംടി തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് തന്നെ എംടിയുടെ നിർദേശ പ്രകാരം തുഞ്ചത്ത് എഴുത്തച്‌ഛന്‍റെ മണ്ണിൽ നിന്നാണ് ആ പദ്ധതിയുടെ ദീപശിഖ പ്രയാണം ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ആ പദ്ധതിയുടെ ഭാഗമായ 1500 ഓളം പഠിതാക്കളെ എംടിക്ക് കാണണമെന്നും നേരിട്ട് സംവദിക്കണമെന്നും പറഞ്ഞിരുന്നു. അതിനാൽ തന്നെ ഈ പഠിതാക്കളെ 30 ബസുകളിലായി കോഴിക്കോട് കൊണ്ടുപോയി ടാഗോർ ഹാളിൽ വച്ച് അദ്ദേഹവുമായി കൂടിക്കാഴ്‌ചയ്‌ക്ക് അവസരമൊരുക്കി. വളരെ കുറഞ്ഞ വാക്കുകളിൽ വളരെ വലിയ പ്രചോദനമാണ് അദ്ദേഹം അവർക്ക് നൽകിയത്.
തന്‍റെ സിനിമയിലാണെങ്കിലും സോഷ്യൽ വർക്കിലാണെങ്കിലും എന്നെ പ്രചേദിപ്പിക്കാനും പ്രോസാഹിപ്പിക്കാനുമൊക്കെ വലിയ പങ്കുവഹിച്ച ഒരു വലിയ മനുഷ്യനായിരുന്നു എംടി വാസുദേവൻ നായർ. മാത്രമല്ല തന്‍റെ പിതാവുമായും അദ്ദേഹം വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അങ്ങനെയുള്ള ആ വലിയ മനുഷ്യന്‍റെ വിയോഗം വളരെ വലിയ നഷ്‌ടമാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അദ്ദേഹത്തിന്‍റെ ജ്വലിക്കുന്ന കഥാപാത്രങ്ങൾ എന്നും അനശ്വരമായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. എംടിയുടെ വിയോഗത്തിൽ കേരളത്തിന്‍റെ ദുഃഖത്തോടൊപ്പം താനും പങ്കുചേരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേർത്തു.