കോഴിക്കോട് : മലയാള സാഹിത്യത്തിൽ ചിര പ്രതിഷ്‌ഠ നേടിയ, തലയെടുപ്പുള്ള എഴുത്തുകാർ നിരവധിയുണ്ടെങ്കിലും എംടി അതിൽ തലതൊട്ടപ്പനാണ്. മിതഭാഷി, ഗൗരവക്കാരൻ, പരുക്കൻ, അർഥഗർഭമായ മൗനി... ഏത് തരത്തിലാണെങ്കിലും എംടിയെ 'തൊടാൻ' രണ്ടല്ല മൂന്ന് തവണ ചിന്തിക്കും ആരും. എന്നാൽ ചിത്രകാരന്‍, ശില്‍പി, സാഹിത്യകാരന്‍ തുടങ്ങിയ നിരവധിയായ വിശേഷണങ്ങളുള്ള എംവി ദേവന്‍ എംടിയെ ഒന്ന് 'തൊട്ടു'.
മലയാള സാഹിത്യത്തിന്‍റെ കുലപതിയും, ലക്ഷണമൊത്ത കാരണവരുമായ എംടി വാസുദേവന്‍ നായരുടെ ആശ്രിത വത്സലന്മാര്‍ സര്‍ക്കാര്‍ ചെലവില്‍ അദ്ദേഹത്തിന്‍റെ നാലുകെട്ട് എന്ന ഒരു നോവലിന്‍റെ ജൂബിലി കേരള സാഹിത്യ അക്കാദമിയുടെ മുറ്റത്ത് ആഘോഷിക്കുകയാണ്. 'വല്ല കരയോഗം ഓഫിസുകളിലോ, ഹോട്ടലുകളിലോ വച്ചു നടത്താന്‍ മാത്രം പ്രാധാന്യമുള്ള ഈ ചൊറിയല്‍ മാന്തല്‍ സുഖിപ്പിക്കല്‍ ആഘോഷങ്ങള്‍ സാഹിത്യ അക്കാദമിയുടെ വേദിയിലാകരുത്…' - എംവി ദേവന്‍ എന്ന മഠത്തില്‍ വാസുദേവന്‍ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയാള സാഹിത്യലോകം എംടിയെന്ന പേര് കേട്ട് തലകുമ്പിട്ട് നില്‍ക്കുമ്പോഴാണ് എംടിയുടെ നാലുകെട്ട് സാഹിത്യ അക്കാദമി മുറ്റത്ത് ആഘോഷമാക്കിയതിനെതിരെ എംവി ദേവന്‍ ഇങ്ങനെ തുറന്നടിച്ചത്. പക്ഷെ ഈ തുറന്നെഴുത്ത് ദേവനെ കോടതി കയറ്റി. എംടി വാസുദേവന്‍ നായര്‍ നല്‍കിയ മാനനഷ്‌ട കേസില്‍ 10000 രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിനുമാണ് അന്ന് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവന് ജാമ്യം നല്‍കിയത്.
കലാകൗമുദിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു തന്‍റെ അടുത്ത സുഹൃത്തുകൂടിയായിട്ടും എംടിക്കെതിരായി ദേവന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. സാംസ്‌കാരിക-സാഹിത്യ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. എംടി ആദ്യമായിട്ടൊരാള്‍ക്ക് നേരെ മാനനഷ്‌ട കേസുമായി കോടതി കയറിയിട്ടുണ്ടെങ്കില്‍ അത് ദേവനെതിരെ ആയിരുന്നെതും ചരിത്രം.
ചിത്രകലയെന്ന സ്വന്തം മാധ്യമത്തിന് അപ്പുറം ലോകത്തുള്ള എന്തിനോടും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളുമായി കലഹിക്കുകയും അപ്രീതി പ്രകടിപ്പിക്കുകയും ചെയ്‌ത കലാകാരനായിരുന്നു എംവി ദേവന്‍. പൊതുവേ കലാകാരന്‍മാരും സാഹിത്യകാരന്‍മാരുമെല്ലാം സ്വന്തം സൃഷ്‌ടികളിലൂടെ സമൂഹത്തോടും വ്യവസ്ഥകളോടും കലഹിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്‌ത് മുഖ്യധാരയില്‍ നിന്ന് മാറിനിന്നപ്പോള്‍ ദേവന്‍ തന്‍റെ ചുറ്റുപാടുകളില്‍ കണ്ട നല്ലതും ചീത്തയുമായ സകലതിനോടും സംവദിച്ചു.
മറ്റുള്ളവര്‍ എന്ത് പറയുമെന്നത് നോക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറഞ്ഞു. ഒരു പക്ഷെ അതുകൊണ്ടാവാം മുഖ്യധാരയിലുള്ള സാഹത്യകാരന്‍മാരും ചിത്രകാരന്‍മാരുമടക്കം പലരും പലപ്പോഴും അദ്ദേഹത്തോട് നീരസം പ്രകടിപ്പിച്ചത്. എന്നാൽ എംടി എന്ന 'കാലം' മറയുമ്പോൾ അതിലൂടെ യശശരീരനായ ദേവനും അറിയപ്പെടുന്നു. അതും ഒരു ഭാഗ്യമാണ്.
കോടതി കയറിയ രണ്ടാമൂഴം
എംടിയുടെ വിഖ്യാതമായ നോവല്‍, ഭീമസേനന് ഹീറോ പരിവേഷം നല്‍കിയ രണ്ടാമൂഴം. മലയാളി വായനക്കാരന്‍റെ ഫസ്റ്റ് ഓപ്‌ഷനുകളില്‍ തന്നെയായിരുന്നു രണ്ടാമൂഴത്തിന്‍റെ സ്ഥാനം. ചിത്രം സിനിമയാകുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ മലയാളി പ്രേക്ഷകര്‍ ആവേശത്തിലുമായിരുന്നു.
സംവിധായകന് ശ്രീകുമാര്‍ മേനോനും എംടിയും തമ്മില്‍ കരാറിലെത്തുന്നു, രണ്ടാമൂഴം സിനിമയാക്കാം... 2014 ല്‍ ഇതുസംബന്ധിച്ച കരാറില്‍ രണ്ടുപേരും ഒപ്പുവച്ചു. മൂന്ന് വര്‍ഷം കൊണ്ട് സിനിമ പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍.
ആയിരം കോടി രൂപ ബജറ്റില്‍ രണ്ടാമൂഴം സിനിമയാക്കാനായിരുന്നു പദ്ധതി. നായകനായി മോഹന്‍ലാലിനെ ഉറപ്പിച്ചു. ബിആര്‍ ഷെട്ടിയായിരുന്നു നിര്‍മാണം. കരാറില്‍ പറഞ്ഞ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ഒരനക്കവും ഉണ്ടായില്ല. ഒന്നര വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ എംടി തെല്ലൊരനിഷ്‌ടം പ്രകടിപ്പിച്ചു. ശ്രീകുമാര്‍ മേനോനുമായി ചിത്രം നിര്‍മിക്കാനില്ലെന്ന് തീര്‍ത്തുപറഞ്ഞു എംടി. തന്‍റെ തിരക്കഥ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. പകരം കരാറിന്‍റെ ഭാഗമായി നല്‍കിയ പണം മടക്കി നല്‍കാന്‍ തയാറാണെന്നും എംടി വ്യക്തമാക്കിയിരുന്നു.
എംടി കരാറില്‍ നിന്ന് പിന്‍മാറിയത് ശ്രീകുമാര്‍ മേനോനെയും ചൊടിപ്പിച്ചു. പിതൃ-പുത്ര വാത്സല്യം നിറഞ്ഞിരുന്ന ബന്ധത്തില്‍ നേര്‍ത്ത വിള്ളല്‍ വീണു. നോവല്‍ സിനിമയാക്കാനുള്ള കരാര്‍ സംവിധായകന്‍ ലംഘിച്ചു എന്ന് കാട്ടി എംടി കോടതിയെ സമീപിച്ചു. ഇതോടെ രണ്ടാമൂഴം കോടതി കയറി.
കേസില്‍ മധ്യസ്ഥനെ നിയമിക്കാന്‍ ശ്രീകുമാര്‍ കോടതിയോട് ആവശ്യപ്പെട്ടു. പക്ഷേ ആവശ്യം തള്ളിയ കോടതി കേസ് മുന്നോട്ടുപോകുമെന്ന് അറിയിക്കുകയും ചെയ്‌തു. പിന്നാലെയാണ് ശ്രീകുമാര്‍ മേനോന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പക്ഷേ ഈ നീക്കം മുന്‍കൂട്ടി കണ്ട എംടിയാകട്ടെ നേരത്തെ തടസ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു. തന്‍റെ വാദം കേള്‍ക്കാതെ കേസ് മുന്നോട്ട് കൊണ്ടുപോകരുത് എന്നായിരുന്നു എംടിയുടെ തടസ ഹര്‍ജിയിലെ ആവശ്യം. ഒടുവില്‍ ശ്രീകുമാര്‍ മേനോനുമായി സഹകരിക്കില്ലെന്ന് എംടി തീര്‍ത്ത് പറഞ്ഞു.
ശ്രീകുമാര്‍ മേനോനും തെല്ലും വിട്ടുകൊടുത്തില്ല. എംടി വാസുദേവന്‍ നായര്‍ മൂലം കോടികള്‍ നഷ്‌ടമായെന്നും അതിനാല്‍ ചെലവുകളും നഷ്‌ടവും നികത്തണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാര്‍ എംടിയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. 20 കോടി രൂപ നഷ്‌ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. ആദ്യം കരാർ ലംഘിച്ചത് എംടി വാസുദേവൻ നായരാണെന്നും നോട്ടിസില്‍ പറഞ്ഞിരുന്നു.
എന്തുതന്നെയായാലും രണ്ടാം ഊഴം കാത്തുകിടക്കുകയാണിപ്പോള്‍ രണ്ടാമൂഴം. രണ്ടാമൂഴം എംടിയുടെയും സ്വപ്‌ന സിനിമയായിരുന്നു. അത് യാഥാര്‍ഥ്യമാകുന്നതിന് മുന്‍പേ എംടി വിടവാങ്ങി. ഈ അവസരത്തില്‍ മലയാളി പ്രേക്ഷകരും നിരാശയിലാണ്. വിഖ്യാതനായ എഴുത്തുകാരനൊപ്പം, ഒരു വടക്കന്‍ വീരഗാഥ പോലെ എവര്‍ഗ്രീന്‍ സിനിമയാണ് നഷ്‌ടമായത്. ശ്രീകുമാര്‍ മേനോനും നിരാശ പങ്കിട്ടിട്ടുണ്ട്.
ശ്രീകുമാര്‍ മേനോന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്
ഒരു ഊഴം കൂടി തരുമോ… അങ്ങയുമായി കഥ പറഞ്ഞിരിക്കുവാൻ. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്‍റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങൾ എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്.
എന്‍റെ അച്ഛൻ വിക്ടോറിയ കോളേജിൽ അങ്ങയോടൊപ്പം പഠിച്ചിരിന്നു. അച്ഛനാണ് “വളർത്തു മൃഗങ്ങൾ” എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങു പറഞ്ഞിട്ടുണ്ട്. എന്‍റെ ഒരു അമ്മാവൻ അന്ന് ജെമിനി സർക്കസിന്‍റെ മാനേജരായിരുന്നു. അച്ഛനും അങ്ങയുമെന്നിച്ച് സർക്കസ് കാണാൻ പോവുകയും ആ ജീവിതം നേരിൽ കാണുകയും ചെയ്‌തതെല്ലാം. സർക്കസ് വൈകുന്നേരമാണല്ലോ. അതിനു മുൻപ് അച്ഛൻ പെർമിഷൻ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകൾ സർക്കസ് കൂടാരത്തിൽ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്‍റെയും ഫലമായി അങ്ങ് എഴുതിയതാണ് വളർത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്...
രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല. അങ്ങയ്ക്കുള്ള സ്‌മരണാഞ്ജലിയായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്ക്കരിക്കാൻ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
രണ്ടു കയ്യും എന്‍റെ ശിരസിൽ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാർത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്‍റെ കരുത്തിന് അങ്ങു നൽകിയ ഈ ശക്തി കൂടിയുണ്ട്.
വിട, ഏറ്റവും ബഹുമാന്യനായ എന്‍റെ എഴുത്തുകാരാ…