എം ടി വാസുദേവൻ നായർ എന്ന ഇതിഹാസ എഴുത്തുകാരന്‍റെ വിയോഗത്തിൽ ചലച്ചിത്ര താരം കമൽ ഹാസൻ അനുശോചനം രേഖപ്പെടുത്തി. എം ടി വാസുദേവൻ നായരുമായി 50 വർഷത്തിലധികം ഉള്ള ആത്മബന്ധമാണെന്നും അടുത്തിടെ പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന സിനിമ വരെയും അത് തുടർന്നു എന്നും കമൽ ഹാസൻ പറയുകയുണ്ടായി. എം ടി വാസുദേവൻ നായരുടെ വിയോഗം മലയാളത്തിന്‍റെ മാത്രം സ്വകാര്യ നഷ്‌ടമല്ല എന്നും കമൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള മലയാള ഭാഷയിലുള്ള അനുശോചന സന്ദേശമാണ് കമല്‍ ഹാസന്‍റേത്.
കമൽ ഹാസന്‍റെ വാക്കുകളിലൂടെ
'എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നവർക്കും എഴുത്തുകാരനാണെന്ന് സ്വയം വിചാരിക്കുന്നവർക്കും ലോകം എഴുത്തുകാരനാണെന്ന് അംഗീകരിച്ചവരും എം ടി വാസുദേവൻ നായരുടെ കൃതികളെ മാതൃകയാക്കുന്നു. അദ്ദേഹത്തിന്‍റെ സൃഷ്‌ടികൾ ഏതൊരു കലാകാരനും അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും അസൂയയും തോന്നുന്നതിന് കാരണമാകും. പത്തൊമ്പതാമത്തെ വയസിലാണ് മലയാള ചിത്രമായ കന്യാകുമാരിയിൽ ഞാൻ അഭിനയിക്കുന്നത്. ആ സമയങ്ങളിൽ എംടി വാസുദേവൻ നായരുടെ കൃതികളെക്കുറിച്ച് ഉൾക്കൊള്ളാനുള്ള ത്രാണി എനിക്കില്ലായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുറച്ചുനാൾ കഴിഞ്ഞാണ് എംടി വാസുദേവൻ നായരുടെ രചനയിൽ പുറത്തിറങ്ങിയ നിർമാല്യം എന്ന സിനിമ കാണാനിടയാകുന്നത്. എനിക്ക് സിനിമയോടുള്ള സ്നേഹവും അഭിനിവേശവും ഒരു നിലവിളക്കിലെ തിരി വെളിച്ചം പോലെ ആയിരുന്നുവെങ്കിൽ ആ വെളിച്ചത്തെ ഒരു അഗ്നികുണ്ഡം പോലെ രൂപപ്പെടുത്തുന്നതിന് നിർമാല്യം എന്ന സിനിമ എന്നെ സ്വാധീനിച്ചിട്ടുണ്ട്. സത്യജിത് റേ, എം ടി വാസുദേവൻ നായർ, ഗിരീഷ് കർണാട് തുടങ്ങിയ മഹാരഥന്മാർ വ്യത്യസ്‌ത സംസ്ഥാനങ്ങളിലാണ് ജനിച്ചതെങ്കിലും ഇവരെയെല്ലാം ഞാൻ എന്‍റെ സ്വന്തം സഹോദരന്മാരെ പോലെയാണ് കാണുന്നത്.
തിരക്കഥാകൃത്തായും സാഹിത്യകാരനായും സംവിധായകനായും തുടങ്ങി എല്ലാ മേഖലകളിലും വിജയിച്ചു കയറിയ വ്യക്തിത്വമാണ് എം ടി വാസുദേവൻ നായർ. സാഹിത്യ മേഖലയിലെ എം ടി വാസുദേവൻ നായരുടെ വിജയങ്ങൾ അദ്ദേഹത്തിന്‍റെ മാത്രമായി കണക്കാക്കാൻ ആകില്ല. അത് മലയാളിയുടെ, മലയാളഭാഷയുടെ വിജയം കൂടിയാണ്. വിട പറഞ്ഞ് അയക്കേണ്ടത് സാധാരണ മനുഷ്യരെയാണെന്ന് താൻ വിശ്വസിക്കുന്നു. എംടിയോട് വിടപറയേണ്ട കാര്യമില്ല. അദ്ദേഹത്തിന്‍റെ കൃതികളോടൊപ്പം സിനിമയോടൊപ്പം ഇനിയും പല നൂറു വർഷങ്ങൾ എംടി ജീവിക്കും' -കമൽ ഹാസൻ വികാരാതീതനായി പറഞ്ഞു നിർത്തി.