പൂനെ:കെഎല്‍ രാഹുലിനെ ഒഴിവാക്കിയാണ് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനായി ഇന്ത്യൻ ടീം പൂനെയില്‍ ഇറങ്ങിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നായി രാഹുലിന് നേടാനായത് 12 റണ്‍സ് മാത്രമായിരുന്നു. ഇതോടെ, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ രാഹുലിനെതിരെ വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
വിമര്‍ശനങ്ങള്‍ക്കിടയിലും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ പരോക്ഷ പിന്തുണ കെഎല്‍ രാഹുലിനൊപ്പമായിരുന്നു. സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും വിദഗ്ദര്‍ പറയുന്നത് കേട്ടും കളിക്കാരെ തെരഞ്ഞെടുക്കാനാകില്ല എന്നായിരുന്നു പൂനെ ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, ഒന്നോ രണ്ടോ ഇന്നിങ്‌സുകള്‍ കൊണ്ടല്ല താരങ്ങളെ വിലയിരുത്തേണ്ടതെന്നും ബെംഗളൂരുവിലെ ആദ്യ മത്സരത്തിന് പിന്നാലെ ഗംഭീര്‍ പറഞ്ഞിരുന്നു.
ദുഷ്‌കരമായ സമയങ്ങളിൽ താരങ്ങളെ ശക്തമായ രീതിയില്‍ തന്നെ പിന്തുണയ്‌ക്കുന്നയാളാണ് ഗംഭീര്‍. അതുകൊണ്ട് തന്നെ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഗംഭീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ടീമില്‍ രാഹുലിന്‍റെ സ്ഥാനം നിലനിര്‍ത്തിയേക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു. എന്നാല്‍, രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീം കളത്തിലിറങ്ങിയപ്പോള്‍ രാഹുല്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്‌ടമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാഹുലിന് പകരം ശുഭ്‌മാൻ ഗില്‍ ആണ് ഇന്ത്യൻ നിരയിലേക്ക് തിരികെയെത്തിയ താരം. പരിക്കിനെ തുടര്‍ന്നായിരുന്നു പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗില്ലിന് കളിക്കാൻ സാധിക്കാതിരുന്നത്. ഗില്ലിന്‍റെ അഭാവത്തില്‍ ബെംഗളൂരു ടെസ്റ്റില്‍ വിരാട് കോലിയായിരുന്നു ഇന്ത്യയ്‌ക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയത്.
ശുഭ്‌മാൻ ഗില്ലിന് പുറമെ വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ് എന്നിവരും ഇന്ത്യൻ നിരയില്‍ സ്ഥാനം കണ്ടെത്തി. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന് വേണ്ടി നടത്തിയ തകര്‍പ്പൻ പ്രകടനങ്ങളാണ് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമില്‍ കളിക്കാൻ സുന്ദറിന് അവസരം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവൻ:യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, ജസ്‌പ്രീത് ബുംറ.
ന്യൂസിലൻഡ് പ്ലേയിങ് ഇലവൻ:ടോം ലാഥം (ക്യാപ്‌റ്റൻ), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിൻ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, ടിം സൗത്തി, മിച്ചല്‍ സാന്‍റ്നര്‍, അജാസ് പട്ടേല്‍, വില്ല്യം ഒ റോക്ക്.
Also Read :ഗില്‍ തിരികെയെത്തി, രാഹുല്‍ പുറത്തേക്ക്; പൂനെ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ടോസ് നഷ്‌ടം, ടീമില്‍ മൂന്ന് മാറ്റം