ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിലെ വനിതാ വോളിബോൾ മത്സരത്തിൽ കേരളത്തിന് സ്വർണം. തമിഴ്നാടിനെ 3–2ന് തോല്‍പ്പിച്ചാണ് കേരളം ആറാം സ്വര്‍ണം സ്വന്തമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തില്‍ ആദ്യ സെറ്റ് 25-19 ന് കേരളം സ്വന്തമാക്കിയപ്പോൾ, രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്താണ് തമിഴ്നാട് മത്സരത്തിലേക്കു തിരിച്ചെത്തിയത്. 25-22, 25-22 എന്നീ സ്‌കോറുകള്‍ക്കാണ് കേരളത്തിന്‍റെ വീഴ്‌ച. എന്നാല്‍ രണ്ട് സെറ്റുകൾ നഷ്ടപ്പെട്ടതിനു ശേഷം വീണ്ടും കേരളം തിരിച്ചുവരവ് നടത്തി.
നാലാം സെറ്റിൽ തമിഴ്‌നാടിനെ 25-14 ന് പരാജയപ്പെടുത്തി മത്സരം 2-2 ന് സമനിലയിലാക്കി. അഞ്ചാം സെറ്റിൽ കേരളം തമിഴ്‌നാടിനെ സമ്മർദ്ദത്തിലാക്കി പോയിന്‍റുകൾ ഒന്നിനുപുറകെ ഒന്നായി നേടി 15-7 ല്‍ സെറ്റ് നേടി സ്വർണ്ണ മെഡൽ നേടുകയായിരുന്നു. രാജസ്ഥാനും ചണ്ഡീഗഡും തമ്മില്‍ നടന്ന വെങ്കല പോരാട്ടത്തില്‍ 3-0 ന് രാജസ്ഥാൻ ജയിച്ചു. അതേസമയം പുരുഷ വോളിബോളില്‍ കേരളം വെള്ളി സ്വന്തമാക്കി.
Also Read:സജന്‍ പ്രകാശും ഹർഷിതയും നീന്തിത്തുടിച്ച് സ്വര്‍ണത്തിലേക്ക്; കേരളം മെഡല്‍ വേട്ട തുടങ്ങി - SAJAN PRAKASH AND HARSHITA JAYARAM
സർവീസസിനെതിരെ കടുത്ത പോരാട്ടം നടത്തിയെങ്കിലും ഫൈനലിൽ കേരളം പരാജയപ്പെടുകയായിരുന്നു. മറ്റു മത്സരങ്ങളില്‍ വനിതകളുടെ 81 കിലോഗ്രാം ഭാരോദ്വഹനത്തിൽ അഞ്ജന ശ്രീജിത് വെങ്കല മെഡൽ സ്വന്തമാക്കി. വനിതകളുടെ 5x5 ബാസ്കറ്റ്ബോളില്‍ തമിഴ്‌നാടിനോട് പൊരുതിത്തോറ്റ് കേരളം വെള്ളി മെഡൽ നേടി.
പുരുഷ, വനിതാ വിഭാഗം വാട്ടർപോളോയില്‍ കേരളം സെമി ഫൈനലിലേക്ക് മുന്നേറി. 3x3 വനിതാ ബാസ്കറ്റ്ബോൾ ടീമും സെമി ഫൈനലിലേക്ക് കുതിച്ചു. മെഡല്‍ പട്ടികയില്‍ ആറ് സ്വര്‍ണവുമായി കേരളം പത്താം സ്ഥാനത്താണ് നില്‍ക്കുന്നത്. സര്‍വീസസ് ഒന്നാമതും കര്‍ണാടക രണ്ടാമതുമാണ് പട്ടികയിലുള്ളത്.