എറണാകുളം : ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ സ്‌റ്റേഡിയം കപ്പാസിറ്റി പകുതിയായി കുറച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മത്സരം നടക്കുന്നത് തിരുവോണ ദിനമായതിനാലാണ് തീരുമാനമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. സെപ്റ്റംബർ 15 ന് കൊച്ചിയിലാണ് ആദ്യമത്സരം. തിരുവോണ ദിനമായതിനാൽ മത്സരവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം.
'സീസണിലെ ആദ്യ മത്സരമെന്ന നിലക്ക് നിറഞ്ഞ സ്‌റ്റേഡിയമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷെ മത്സരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഓണാഘോഷങ്ങളിൽ കൂടി പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനം. ഇവരുടെ ജോലി മത്സരത്തിന്‍റെ തലേ ദിവസം തുടങ്ങി പിറ്റേ ദിവസം രാത്രി വരെ നീളും. സ്‌റ്റേഡിയം കപ്പാസിറ്റി കുറക്കുന്നതിലൂടെ ഇവരുടെ ജോലി ഭാരം ലഘൂകരിക്കാൻ സാധിക്കും. അതിലൂടെ ജോലിക്കാർക്ക് കുറച്ച് സമയമെങ്കിലും കുടുംബങ്ങളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെ'ന്നും കെബിഎഫ്‌സി അറിയിച്ചു.