ന്യൂഡൽഹി: മുൻ ഇറ്റാലിയന്‍ ഫുട്‌ബോൾ താരം സാൽവത്തോർ ഷില്ലാസി (59) അന്തരിച്ചു. വൻകുടലിലെ അര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് പലേർമോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷില്ലാസി ദേശീയ ടീമിനായി 16 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 1990 ലോകകപ്പിൽ ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് നേടിയ ഷില്ലാസി ലോക ഫുട്ബോളിൽ ‘ടോട്ടോ’ എന്നാണ് അറിയപ്പെട്ടിരുന്നത്. അക്കാലയളവിൽ ഷില്ലാസി ലോകകപ്പ് ഐക്കൺ എന്ന പദവിയും നേടി.
മെസിന, യുവന്‍റസ്, ഇന്‍റര്‍ മിലാൻ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരത്തെ 1990 ലോകകപ്പ് ആരാധകർ എന്നും ഓർക്കും.1990 ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ഓസ്ട്രിയയ്‌ക്കെതിരെ പകരക്കാരനായാണ് ഷില്ലാസിയുടെ ആദ്യ ഗോൾ പിറന്നത്. അമേരിക്കയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങിയതിന് ശേഷം ചെക്ക് റിപ്പബ്ലിക്കിനെതിരെ ആദ്യ ഇലവനിൽ അവസരം ലഭിച്ചു.