ബെംഗളൂരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആരാധക ലോകം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ട് വ്യക്തികളിലേക്കായിരുന്നു. ആര്‍സിബിയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും കൊല്‍ക്കത്തയുടെ മെന്‍റര്‍ ഗൗതം ഗംഭീറുമാണത്. ഇന്ത്യയ്‌ക്കായി ഒന്നിച്ച് കളിച്ച ഇരുവരും ഐപിഎല്‍ മൈതാനത്ത് ചിരവൈരികളായി തീര്‍ന്നതാണ് ഇതിന് കാരണം.
ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ പലതവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. കഴിഞ്ഞ സീസണിലും ഇതിന് മാറ്റമുണ്ടായില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മെന്‍ററുടെ റോളിലായിരുന്നു കഴിഞ്ഞ സീസണില്‍ ഗംഭീറുണ്ടായിരുന്നത്.
ഗ്രൗണ്ടില്‍ വച്ച് വിരാട് കോലിയും ലഖ്‌നൗ താരങ്ങളും തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ എത്തി നിന്നത് ഗൗതം ഗംഭീറിലായിരുന്നു. തമ്മില്‍ ഉരസി നിന്ന കോലിയേയും ഗംഭീറിനേയും സഹതാരങ്ങള്‍ ഇടപെട്ടാണ് ഒടുവില്‍ പിടിച്ച് മാറ്റിയത്. പുതിയ സീസണിന് മുന്നോടിയായി ലഖ്‌നൗ വിട്ട ഗൗതം ഗംഭീര്‍ തന്‍റെ പഴയ തട്ടകമായ കൊല്‍ക്കത്തയിലേക്ക് എത്തുകയായിരുന്നു.
ഇതോടെ ആര്‍സിബി- കൊല്‍ക്കത്ത മത്സരത്തിനായി ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം കോലിയും ഗംഭീറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്നായിരുന്നു ചിലരൊക്കെ പ്രതീക്ഷിച്ചത്. എന്നാല്‍ തമ്മില്‍ ആലിംഗനം ചെയ്യുന്ന താരങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്. ആര്‍സിബി- കൊല്‍ക്കത്ത മത്സരത്തിന്‍റെ ടൈം ഔട്ടിന് ഇടെയായിരുന്നു താരങ്ങള്‍ തമ്മില്‍ സ്‌നേഹം പ്രകടിപ്പിച്ചത്.