ജയ്‌പൂര്‍ :ഐപിഎല്ലില്‍ ജയം തുടരാന്‍ രാജസ്ഥാന്‍ റോയല്‍സ്. ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളി. രാജസ്ഥാനിലെയും ഇന്ത്യയിലെയും സ്‌ത്രീകളെ പിന്തുണയ്‌ക്കുന്ന 'പിങ്ക് പ്രോമിസ്' ക്യാമ്പെയ്‌ന്‍റെ ഭാഗമായ മത്സരം രാജസ്ഥാനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. കടും പിങ്ക് നിറത്തിലുള്ള ജഴ്‌സിയണിഞ്ഞാണ് സഞ്‌ജുവും സംഘവും കളത്തിലേക്ക് എത്തുക.
ഗ്രാമീണ മേഖലയിലെ വനിത മുന്നേറ്റത്തിനൊപ്പം സോളാര്‍ വൈദ്യുതിയുടെ പ്രചാരണവും മത്സരത്തിലൂടെ രാജസ്ഥാന്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. മത്സരത്തില്‍ ഇരു ടീമുകളിലെയും ബാറ്റര്‍മാര്‍ അടിക്കുന്ന ഓരോ സിക്‌സറിനും സാംഭാർ മേഖലയിലെ ആറ് വീതം വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷന്‍ അറിയിച്ചിട്ടുണ്ട്.
സീസണില്‍ ഇതേവരെ തോല്‍വി അറിയാത്ത രണ്ട് ടീമുകളില്‍ ഒന്നാണ് രാജസ്ഥാന്‍. കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്‌ജുപ്പട ജയിച്ച് കയറി. ഇതോടെ തുടര്‍ച്ചയായ നാലാം വിജയമാണ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ ലക്ഷ്യം വയ്‌ക്കുന്നത്. കളിപിടിക്കാന്‍ കഴിഞ്ഞാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ രാജസ്ഥാന് കഴിയും. ഓപ്പണിങ്ങില്‍ ജോഷ് ബട്‌ലറുടെ ഫോമാണ് ടീമിന് പ്രധാന ആശങ്ക. ഇംഗ്ലീഷ് താരം മികവിലേക്ക് ഉയര്‍ന്നാല്‍ ടീമിന് കരുത്ത് കൂടും.
മറുവശത്ത് കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ആര്‍സിബി തോല്‍വി വഴങ്ങി. ബാറ്റിങ് യൂണിന്‍റെ സ്ഥിരതയില്ലായ്‌മയ്‌ക്കൊപ്പം ബോളര്‍മാരുടെ മോശം പ്രകടനമാണ് ടീമിന്‍റെ തലവേദന. നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതാണ് ആര്‍സിബിയുടെ സ്ഥാനം. രാജസ്ഥാനെതിരെ വിജയം നേടിയാല്‍ മാത്രമേ ടീമിന് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം ലഭിക്കൂ.