വയനാട്: പിവി അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് വിഡി സതീശന്‍. അന്ന് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വയനാട്ടിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിവി അൻവര്‍ എംഎൽഎ സ്ഥാനം രാജിവച്ചത് സ്വന്തം തീരുമാനമാണ്.
അഴിമതി ആരോപണത്തിൽ അന്ന് മുഖ്യമന്ത്രിക്കാണ് മറുപടി നൽകിയത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും പിടിച്ചുനിൽക്കാൻ വേണ്ടിയാണ് അന്ന് ആരോപണം ഉന്നയിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.
അൻവര്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് വിഭാഗീയതയുടെ ബഹുസ്‌ഫുരണമാണ്. പാര്‍ട്ടിക്കും മന്ത്രിസഭയിൽ ഉള്ളവര്‍ക്കും അതിൽ പങ്കുണ്ട്. അൻവറിന്‍റെ പിന്തുണയിൽ യുഡിഎഫും പാര്‍ട്ടിയും ഉചിതമായ തീരുമാനം എടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിലമ്പൂരിൽ ആര് സ്ഥാനാര്‍ഥിയാകും എന്നത് പാര്‍ട്ടി നടപടിക്രമം അനുസരിച്ച് തീരുമാനം എടുക്കും. അൻവറിന്‍റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. നിലമ്പൂരിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയക്കും. നിലവിൽ ഒരു ചര്‍ച്ചയും പാര്‍ട്ടിയിൽ നടന്നിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്തിലെ ചില ഭാഗങ്ങളിൽ വ്യക്തതക്കുറവുണ്ടായിരുന്നു എന്നും അതേക്കുറിച്ച് ചോദിച്ചിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
കുടുംബത്തിന്‍റെ കൂടെ വന്നയാളാണ് ബിജെപി - സിപിഎം സമ്മര്‍ദം ഉണ്ടെന്ന് പറഞ്ഞതെന്നും കുടുംബം അല്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. എംവി ഗോവിന്ദൻ ആദ്യം ബ്രഹ്മഗിരി സൊസൈറ്റി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.
ആളുകള്‍ ആത്മഹത്യയുടെ വക്കിലാണ്. 400 കോടിയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയുമായി ബന്ധപ്പെട്ട് നടന്നത്. എന്‍എം വിജയന്‍റെ മരണത്തെ പ്രതിരോധിക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ പ്രേരിതം എന്നും പറഞ്ഞിട്ടില്ല. ഐസി ബാലകൃഷ്‌ണൻ എംഎൽഎയും വയനാട് ഡിസിസി അധ്യക്ഷൻ എന്‍ഡി അപ്പച്ചനും എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.