രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഈ ശീലം ശരീരത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും വിവിധ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയത് ഉറങ്ങുന്നതിന്‍റെ രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കേണ്ടത് പ്രധാനമാണ്. രാത്രിയിൽ 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും.
ദഹനം മെച്ചപ്പെടുത്തും
അത്താഴം നേരത്തെ കഴിക്കുന്നത് ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ലഭിക്കും. ദഹനം മെച്ചപ്പെടുത്താനും ദഹനസംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് 2018 ൽ സെൽ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
നല്ല ഉറക്കം
രാത്രിഭക്ഷണം നേരത്തെ കഴിക്കുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ഉറക്കങ്ങുന്നതിന് തൊട്ടു മുമ്പ് ഭക്ഷണം കഴിക്കുന്നത് ദഹനക്കേട്, ആസിഡ് റിഫ്ലക്‌സ്, അസ്വസ്‌തത എന്നിവയ്ക്ക് കാരണമാകും. ഇത് ഉറക്കത്തെ തടസപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അത്താഴം നേരത്തെ കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ശരീരഭാരം നിയന്ത്രിക്കാം
രാത്രി ഏഴ് മണിയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. മെറ്റാബോളിസത്തെ നിയന്ത്രിക്കാനും അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് തടയാനും ഇത് ഗുണകരമാണ്. ശരീരം വിശ്രമിക്കുന്നതിന് മുമ്പ് കലോറി കാര്യക്ഷമമായി കത്തിക്കാനും ഇത് ഫലം ചെയ്യും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് നേരത്തെ അത്താഴം കഴിക്കുന്ന ആളുകളിൽ കലോറി കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
നേരത്തെ അത്താഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. ടൈപ്പ് 2 പ്രമേഹം സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യുമെന്ന് ഡയബറ്റിസ് കെയറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
വൈകുന്നേരത്തോടെ അത്താഴം കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോൾ എന്നിവ സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇത് ഗുണം ചെയ്യും.
മാനസികാരോഗ്യം
അത്താഴം നേരത്തെ കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഊർജ്ജം നിലനിർത്താനും സഹായിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ അലസത, ക്ഷീണം എന്നിവ അനുഭവപ്പെടാനുള്ള സാധ്യത കുറയ്ക്കാനും ഇത് ഫലം ചെയ്യുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനം കണ്ടെത്തി.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ ? കാരണം ഇതാകാം