കാസർകോട്: എണ്ണൂറ് വർഷം പഴക്കമുള്ളൊരു ക്ഷേത്രം. അവിടെ 351 വർഷങ്ങൾക്ക് ശേഷം ഒരു പെരുങ്കളിയാട്ടം നടക്കുന്നു. കേരളത്തിൽ തന്നെ, മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ആദൂർ ഭഗവതി ക്ഷേത്രം.
ജനുവരി 19 മുതൽ 24 വരെയാണ് ഇവിടെ പെരുങ്കളിയാട്ടം നടക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഭഗവതി തെയ്യങ്ങളും അസുരാളൻ പഞ്ചുരുളി വനദേവതയും അടക്കം നൂറോളം തെയ്യക്കോലങ്ങൾ ഉറഞ്ഞാടും.
351 വർഷങ്ങൾക്ക് ശേഷം കളിയാട്ടം നടക്കാൻ ഒരു കാരണമുണ്ട്. അതുവരെ വിശേഷ ദിവസങ്ങളിൽ നടക്കുന്ന ചടങ്ങുകളും 12 വർഷത്തിൽ ഒരിക്കൽ 'നടാവലി' ആഘോഷവുമായിരുന്നു നടക്കാറുള്ളത്. അത് കഴിഞ്ഞാൽ പ്രശ്‌നം വയ്പ്പ് ചടങ്ങാണ്.
നടന്ന ഉത്സവത്തിൽ ദേവി തൃപ്‌തയായോ എന്നും എന്തെങ്കിലും അതൃപ്‌തി ഉണ്ടെങ്കിൽ അത് പരിഹരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പ്രശ്‌നം വയ്പ്പിലാണ് പെരുങ്കളിയാട്ടത്തിന്‍റെ സൂചനകൾ കണ്ടെത്തിയത്.
കർമ്മിയുടെ നിർദേശ പ്രകാരം പരിസരത്തു കുഴിച്ചപ്പപ്പോൾ പെരുങ്കളിയാട്ടത്തിന് മാത്രം ഉപയോഗിക്കുന്ന കലശ പാത്രം ലഭിച്ചു. ഒപ്പം പണ്ട് ഉപയോഗിച്ചെന്ന് കരുതുന്ന ചില വസ്‌തുക്കളും കണ്ടെത്തി. ഇതിനെല്ലാം 351 വർഷത്തെ പഴക്കമുണ്ടെന്നു കണ്ടെത്തി.
ലഭിച്ച വസ്‌തുക്കളില്‍ ഇത് സംബന്ധിച്ചുള്ള ചില കാര്യങ്ങൾ കൊത്തിവച്ചിട്ടുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അങ്ങനെ നാട് മുഴുവൻ വീണ്ടും പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായിരുന്നു.
കേട്ടറിവ് മാത്രമുള്ള തെയ്യങ്ങൾ ഇവിടെ ഉറഞ്ഞാടും. ഇവിടെ പ്രസാദ സദ്യ വിളമ്പുന്നത് നാട്ടുകാർ ചേർന്ന് ഒരുക്കിയ നെൽ, പച്ചക്കറി കൃഷിയിൽ നിന്നാണ്. ദേവിയുടെ പ്രസാദം ആയി നൽകുന്ന മഞ്ഞൾ ഒരു ഏക്കറിൽ നാട്ടുകാർ തന്നെ വിളയിച്ച് ഉണക്കി പൊടിച്ചതാണെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹി അനിൽ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഏതാണ്ട് രണ്ട് ലക്ഷം ആളുകളെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. മൂന്ന് കോടി ചെലവിൽ ആണ് ഉത്സവം നടക്കുന്നത്. 2000 പേർ ചേർന്നതാണ് ആഘോഷ കമ്മിറ്റി. തുളു നാട്ടിലെ ആദ്യ പെരുങ്കളിയാട്ടമെന്ന പ്രത്യേകതയും ഇതിനുണ്ട്. കർണാടകയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ആദൂർ. ഭൂരിഭാഗം പേരും തുളു, കന്നഡ ഭാഷകൾ സംസാരിക്കുന്നവരാണ്.
കർണാടകയിൽ നിന്നും നിരവധി ആളുകള്‍ പെരുങ്കളിയാട്ടം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ കേരള - കർണാടകക്കാരുടെ ഉത്സവമായി മാറും ആദൂർ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം.