കേരളം

kerala

ETV Bharat / sports

ധര്‍മ്മശാലയില്‍ ജഡ്ഡു ഷോ; പഞ്ചാബിനെ തകര്‍ത്ത് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ - PBKS vs CSK Result - PBKS VS CSK RESULT

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ ചെന്നൈക്കായി.

Ravindra Jadeja  രവീന്ദ്ര ജഡേജ  MS Dhoni  Shivam Dube
Ravindra Jadeja (IANS)

By ETV Bharat Kerala Team

Published : May 5, 2024, 7:37 PM IST

ധര്‍മ്മശാല: ഐപിഎല്ലില്‍ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ടിങ് മികവില്‍ പഞ്ചാബ് കിങ്‌സിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റെടുത്തപ്പോള്‍ 26 പന്തില്‍ 43 റണ്‍സ് നേടി ചെന്നൈയുടെ ടോപ് സ്കോററായ ജഡേജ പന്തെടുത്തപ്പോള്‍ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. നാല് ഓവറില്‍ വെറും 20 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.

ലക്ഷ്യം പിന്തുടരാനിറങ്ങിയ പഞ്ചാബ് കിങ്‌സിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ജോണി ബെയര്‍‌സ്റ്റോ (6 പന്തില്‍ 7), റിലീ റോസോ (3 പന്തില്‍ 0) എന്നിവരെ രണ്ടാം ഓവറില്‍ തന്നെ തുഷാര്‍ ദേശ്‌പാണ്ഡെ തിരിച്ചയച്ചു. തുടര്‍ന്ന് ഒന്നിച്ച പ്രഭ്‌സിമ്രാന്‍ സിങ്ങും ശശാങ്ക് സിങ്ങും നന്നായി കളിച്ചു. 53 റണ്‍സ് നീണ്ടുനിന്ന കൂട്ടുകെട്ട് പൊളിച്ച് അപകടമൊഴിവാക്കിയത് മിച്ചല്‍ സാന്‍റ്‌നറാണ്.

ശശാങ്ക് സിങ്ങിനെ (20 പന്തില്‍ 27) സിമര്‍ജീത് സിങ് കയ്യിലൊതുക്കുകയായിരുന്നു. വൈകാതെ പ്രഭ്‌സിമ്രാനെ ജഡേജ മടക്കുമ്പോള്‍ 8.6 ഓവറില്‍ നാലിന് 68 റണ്‍സായിരുന്നു പഞ്ചാബ് ടോട്ടലില്‍. എന്നാല്‍ വെറും 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ജിതേഷ് ശര്‍മ (1 പന്തില്‍ 0), സാം കറന്‍ (11 പന്തില്‍ 7), അശുതോഷ് ശര്‍മ (10 പന്തില്‍ 3) എന്നിവര്‍ കൂടി വീണതോടെ പഞ്ചാബ് പ്രതിരോധത്തിലായി.

പിന്നീട് ഹര്‍പ്രീത് ബ്രാര്‍ (13 പന്തില്‍ 17*), ഹര്‍ഷല്‍ പട്ടേല്‍ (13 പന്തില്‍ 12), രാഹുല്‍ ചഹാര്‍ (10 പന്തില്‍ 16) കാഗിസോ റബാഡ (10 പന്തില്‍ 11*) എന്നിവര്‍ നടത്തിയ പോരാട്ടമാണ് പഞ്ചാബിന്‍റെ തോല്‍വി ഭാരം കുറച്ചത്. ചെന്നൈക്കായി തുഷാര്‍ ദേശ്‌പാണ്ഡെ, സിമര്‍ജിത് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.

ALSO READ: സഞ്ജുവിനും കൂട്ടര്‍ക്കും ആശ്വസിക്കാം, പ്ലേഓഫ് കളിക്കാൻ ജോസേട്ടനുണ്ടാകും; ഇംഗ്ലീഷ് താരങ്ങള്‍ പാക് പരമ്പരയില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട് - England Players For IPL Playoff

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 167 റണ്‍സിലേക്ക് എത്തിയത്. ജഡേജയെക്കൂടാതെ ഡാരില്‍ മിച്ചല്‍ (19 പന്തില്‍ 30), റുതുരാജ് ഗെയ്‌ക്‌വാദ് (21 പന്തില്‍ 32) എന്നിവരാണ് ടീമിന് നിര്‍ണായക സംഭാവന നല്‍കിയത്. എംഎസ്‌ ധോണി, ശിവം ദുബെ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി. പഞ്ചാബിനായി രാഹുല്‍ ചഹാറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

വിജയത്തോടെ പോയിന്‍റ്‌ പട്ടികയില്‍ അഞ്ചില്‍ നിന്നും മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ ചെന്നൈക്കായി. 11 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് സംഘത്തിനുള്ളത്. തോല്‍വി പഞ്ചാബിന്‍റെ പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. 10 മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് പഞ്ചാബ്.

ABOUT THE AUTHOR

...view details