കേരളം

kerala

ETV Bharat / sports

കോലി ആയിരുന്നുവെങ്കില്‍ കമ്മിന്‍സ് അതു ചെയ്യുമോ?; വമ്പന്‍ ചോദ്യവുമായി മുഹമ്മദ് കൈഫ്‌ - Cummins withdraws run out appeal

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജയുടെ റണ്ണൗട്ട് അപ്പീല്‍ പിന്‍വലിച്ച ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്‍റെ നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ സംവാദം കൊഴുക്കുന്നു.

MOHAMMAD KAIF  PAT CUMMINS  RAVINDRA JADEJA  ഐപിഎല്‍ 2024
Mohammad Kaif on Pat Cummins withdrawing run out appeal against Ravindra Jadeja

By ETV Bharat Kerala Team

Published : Apr 6, 2024, 7:59 AM IST

ഹൈദരാബാദ് : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയ വഴിയിലേക്ക് തിരികെ എത്തിയപ്പോള്‍ തുടര്‍ച്ചായ രണ്ടാമത്തെ തോല്‍വിയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേരിടേണ്ടി വന്നത്. സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു സണ്‍റൈസേഴ്‌സ് ചെന്നൈയെ മുക്കിയത്.

മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവമാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ചെന്നൈയുടെ രവീന്ദ്ര ജഡേജയ്‌ക്കെതിരായ റണ്ണൗട്ട് അപ്പീല്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പിന്‍വലിച്ചതാണിത്. ചെന്നൈ ഇന്നിങ്‌സിന്‍റെ 19-ാം ഓവറിലായിരുന്നു സംഭവം നടന്നത്.

ഭുവനേശ്വര്‍ കുമാറായിരുന്നു പന്തെറിഞ്ഞത്. ജഡേജ തട്ടിയിട്ട പന്ത് നേരെ ചെന്നത് ഭുവിയുടെ കൈകളിലേക്കാണ്. ബാറ്റര്‍ ക്രീസിന് പുറത്താണെന്ന് മനസിലാക്കിയ ഭുവി റണ്ണൗട്ടാക്കാന്‍ ശ്രമിച്ചു. ഇതിനായി ഭുവി എറിഞ്ഞ പന്ത് ജഡേജയുടെ മേലാണ് കൊണ്ടത്. ജഡേജ മനപൂര്‍വം പന്ത് തടുത്തതാണോയെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നില്ല.

ഇതിനിടെ ഫീല്‍ഡ് തടസപ്പെടുത്തിയതിന് വിക്കറ്റ് കീപ്പറായ ഹെൻറിച്ച് ക്ലാസന്‍ അപ്പീല്‍ ചെയ്‌തു. തേര്‍ഡ് അമ്പയര്‍ ഇതു പരിശോധിക്കാന്‍ ഒരുങ്ങുവെ കമ്മിന്‍സ് ഇടപെട്ട് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. ഇതില്‍ ഒരു വിഭാഗം ആരാധകര്‍ കമ്മിന്‍സിന് തികഞ്ഞ കയ്യടി നല്‍കുന്നുണ്ട്. എന്നാല്‍ ധോണി എത്തുന്നത് വൈകിപ്പിക്കാന്‍ കമ്മിന്‍സ് ബുദ്ധിപൂര്‍വം ചെയ്‌ത പ്രവര്‍ത്തിയാണിതെന്ന് മറ്റൊരു വാദവുമുണ്ട്.

ഇതു സംബന്ധിച്ച് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത് ഇങ്ങിനെ... "ഫീൽഡ് തടസപ്പെടുത്തിയതിന് ജഡേജയ്‌ക്കെതിരായ അപ്പീല്‍ പിൻവലിച്ചത് സംബന്ധിച്ച് പാറ്റ് കമ്മിൻസിനോട് രണ്ട് ചോദ്യങ്ങൾ. താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ജഡേജയെ ക്രീസില്‍ നിര്‍ത്തി ധോണി ഇറങ്ങുന്നത് വൈകിപ്പിക്കാനുള്ള തന്ത്രപരമായ ഒരു പ്രവര്‍ത്തിയായിരുന്നുവോ അത്. ടി20 ലോകകപ്പിൽ വിരാട് കോലി ആയിരുന്നു ഇതു ചെയ്‌തതെങ്കില്‍ താങ്കളുടെ പ്രതികരണം ഇതു തന്നെ ആയിരിക്കുമോ?"- കൈഫ് കുറിച്ചു.

ALSO READ: അടി മാത്രമല്ല, പാട്ടും ഇവിടെ വഴങ്ങും; 'ബോലെ ജോ കോയല്‍' പാടി ധോണി - MS Dhoni Sings Bole Jo Koyal

അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചിന് 165 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 24 പന്തില്‍ 45 അടിച്ച ശിവം ദുബെയാണ് ടോപ് സ്കോറർ. മറുപടിക്ക് ഇറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ 4 വിക്കറ്റിന് ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. എയ്‌ഡന്‍ മാര്‍ക്രം (36 പന്തില്‍ 50), അഭിഷേക് ശര്‍മ (12 പന്തില്‍ 37), ട്രാവിസ് ഹെഡ് (24 പന്തില്‍ 31) എന്നിവര്‍ തിളങ്ങി.

ABOUT THE AUTHOR

...view details