ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആദ്യം ബോള്‍ ചെയ്യാന്‍ അയച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. സ്ഥിരം നായകന്‍ കെഎല്‍ രാഹുല്‍ ഇംപാക്‌ട് പ്ലെയറായി കളിക്കുന്നതിനാല്‍ നിക്കോളാസ് പുരാന് കീഴിലാണ് ലഖ്‌നൗ കളിക്കുന്നത്. ടീമിന്‍റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
"ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യും. പിച്ച് മികച്ചതായി തോന്നുന്നു. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് ഉണ്ടാവേണ്ടതുണ്ട്. കെഎൽ രാഹുല്‍ ഒരു പരിക്കിൽ നിന്നാണ് മടങ്ങിയെത്തുന്നത്. അതിനാല്‍ ഇത്രയും നീണ്ട ടൂർണമെന്‍റില്‍ അദ്ദേഹത്തിന് ഒരു ഇടവേള നൽകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പക്ഷേ അദ്ദേഹം ഇന്ന് ഒരു ഇംപാക്‌ട് പ്ലെയറായി കളിക്കും" നിക്കോളാസ് പുരാന്‍ പറഞ്ഞു.
ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങൾ ആദ്യം ബോൾ തന്നെ ചെയ്യുമായിരുന്നുവെന്ന് പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഗ്രൗണ്ടിൽ ധാരാളം മഞ്ഞുണ്ടായിരുന്നു. ഇതു രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഗുണം ചെയ്യുമെന്നും ധവാന്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് പഞ്ചാബ് കളിക്കുന്നതെന്നും താരം വ്യക്തമാക്കി.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിംഗ് ഇലവൻ):ക്വിന്‍റൺ ഡി കോക്ക് (ഡബ്ല്യു), കെഎൽ രാഹുൽ, ദേവദത്ത് പടിക്കൽ, ആയുഷ് ബദോണി, നിക്കോളാസ് പുരാൻ (സി), മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ, മായങ്ക് യാദവ്, മണിമാരൻ സിദ്ധാർത്ഥ്.