മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണിലെ അഞ്ചാം തോല്‍വിയായിരുന്നു മുംബൈ ഇന്ത്യന്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വഴങ്ങിയത്. തോല്‍വിയോടെ പോയിന്‍റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തേക്കും ആര്‍സിബി വീണു. കഴിഞ്ഞ സീസണുകളിലേതിന് സമാനമായി ബോളര്‍മാരുടെ മോശം പ്രകടനങ്ങളാണ് ആര്‍സിബിക്ക് തിരിച്ചടിയാവുന്നത്.
ബാറ്റിങ് യൂണിറ്റിലേക്ക് എത്തുമ്പോള്‍ വിരാട് കോലി ഒഴികെയുള്ള താരങ്ങള്‍ക്ക് സ്ഥിരതയോടെ കളിക്കാനാവുന്നില്ലെന്നതും ശ്രദ്ധേയമാണ്. സീസണില്‍ ആര്‍സിബി മോശം പ്രകടനം നടത്തുന്നതിനിടെ ഫാഫ് ഡുപ്ലെസിസിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങ്. ക്യപ്റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോലിയെ തിരികെ എത്തിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
"ഞാൻ പറയുന്നത് വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കുക എന്നാണ്. കുറഞ്ഞത് ഒരു പോരാട്ടമെങ്കിലും കാണാന്‍ കഴിയും. തന്‍റെ കളിക്കാരെ അതിന് പ്രേരിപ്പിക്കുന്ന താരമാണ് വിരാട് കോലി. വിരാട് കോലിയെ ക്യാപ്റ്റനാക്കുക. ഈ ടീം പൊരുതി ജയിക്കും"- മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിലാണ് ഹര്‍ഭജന്‍റെ വാക്കുകള്‍.
നേരത്തെ, ആര്‍സിബിയെ ദീര്‍ഘകാലം നയിച്ചിരുന്ന താരമാണ് വിരാട് കോലി. 2013 മുതല്‍ക്ക് 2021 വരെയായിരുന്ന കോലി ആര്‍സിബിയ്‌ക്ക് നേതൃത്വം നല്‍കിയത്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ 2026-ല്‍ ആര്‍സിബി റണ്ണേഴ്‌സപ്പായിരുന്നു.