ഹൈദരാബാദ്:2008-ലെ പ്രഥമ പതിപ്പിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ( Indian Premier League) ഒരൊറ്റ പാകിസ്ഥാന്‍ താരത്തിനും കളിക്കാന്‍ കഴിഞ്ഞിട്ടില്ല. 2008-ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളായതോടെയാണ് പാക് താരങ്ങള്‍ക്ക് മുന്നില്‍ ബിസിസിഐ (BCCI) ഐപിഎല്ലിന്‍റെ വാതിലടച്ചത്. എന്നാല്‍ പാകിസ്ഥാന്‍ താരങ്ങള്‍ വീണ്ടും ഐപിഎല്ലില്‍ സജീവമാവുന്നതിനെ പിന്തുണച്ച ഒരു പാക് ആരാധകന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് ( Harbhajan Singh).
അലി റാസ ആലം എന്ന ഒരു പാക് ആരാധരനായിരുന്നു ഇത്തരം ഒരു ആശയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ചത്. വിരാട് കോലിയ്‌ക്കൊപ്പം ബാബര്‍ അസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും, ജസ്‌പ്രീത് ബുംറയ്‌ക്കൊപ്പം ഷഹീന്‍ ഷാ അഫ്രീദി മുംബൈ ഇന്ത്യന്‍സിലും എംഎസ് ധോണിയ്‌ക്കൊപ്പം മുഹമ്മദ് റിസ്‌വാന്‍ ചെന്നൈയിലും കളിക്കുന്നത് ഇന്ത്യയിലേയും പാകിസ്ഥാനിലേയും നിരവധിയായ ക്രിക്കറ്റ് ആരാധകരുടെ സ്വപ്‌നമാണെന്നായിരുന്നു ഇയാള്‍ കുറിച്ചത്. പ്രസ്‌തുത പോസ്റ്റില്‍ ടാഗ് ചെയ്‌തവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു ഹര്‍ഭജന്‍.
ഇതിനോടുള്ള ഹര്‍ഭജന്‍റെ പ്രതികരണമാവട്ടെ പാക് ആരാധകന്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. 'ഒരു ഇന്ത്യക്കാരനും അത്തരമൊരു സ്വപ്നങ്ങളില്ല. നിങ്ങളുടെ സ്വപ്നം അവസാനിപ്പിച്ച് വേഗം ഉണരൂ' എന്നായിരുന്നു ചിരിക്കുന്ന സ്മൈലിയോടെ ഹര്‍ഭജന്‍റെ കമന്‍റ്.
2008-ല്‍ ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പില്‍ 11 പാക് താരങ്ങളായിരുന്നു കളിച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി കാപിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡെക്കാൻ ചാര്‍ജേഴ്‌സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളില്‍ പാകിസ്ഥാന്‍ കളിക്കാരുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്), മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളില്‍ മാത്രമായിരുന്നു പാക് താരങ്ങള്‍ ഇല്ലാതിരുന്നത്.