ഹൈദരാബാദ്: 'ഒളിമ്പിക്‌സിൽ മെഡൽ നേടുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്'. ഇതാണ് അവൾ പറഞ്ഞത്. പക്ഷേ കഠിനാധ്വാനത്തിലൂടെ എന്തും നേടാമെന്ന് അവൾ വിശ്വസിച്ചു. അങ്ങനെ, ഒളിമ്പിക്‌സ് മെഡൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അങ്ങനെ കർണം മല്ലേശ്വരി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറി. കർണം മല്ലേശ്വരി ഇടിവി ഭാരതുമായുളള അഭിമുഖത്തിൽ മനസുതുറക്കുകയാണ്.
''ഞാൻ ജനിച്ചതും വളർന്നതും ശ്രീകാകുളം ജില്ലയിലാണ്. എൻ്റെ മൂത്ത സഹോദരിയും ചില പെൺകുട്ടികളും ഭാരോദ്വഹനം പഠിക്കുന്നത് കണ്ടപ്പോൾ എനിക്കും ആഗ്രഹമുണ്ടായി. എന്നാൽ പരിശീലകൻ എന്നെ ഒന്ന് നോക്കിയതിനുശേഷം, ഞാൻ ഭാരോദ്വഹനത്തിന് യോഗ്യയല്ലെന്നും വീട്ടുജോലികളിൽ അമ്മയെ സഹായിക്കാൻ തുടങ്ങുന്നതാണ് നല്ലതെന്നും ഉപദേശിച്ചു.
എന്നാൽ ആ വാക്ക് എന്നിൽ തീപ്പൊരി സൃഷ്‌ടിച്ചു. എനിക്ക് എന്തുചെയ്യാനാകുമെന്നും ചെയ്യരുതെന്നും മറ്റുള്ളവർക്ക് എങ്ങനെ തീരുമാനിക്കാനാകും?. നന്നായി പരിശീലിച്ച് മെഡൽ നേടണമെന്ന ദൃഢനിശ്ചയം എനിക്കുണ്ടായിരുന്നു. പരിശീലകനില്ലാതെ തന്നെ 12-ാം വയസിൽ മറ്റുള്ളവരെ നോക്കി പഠിക്കാനായിത്തുടങ്ങി. പഴയ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് കളിമണ്ണിൽ പരിശീലിക്കുവാനായി ആരംഭിച്ചു".
ചേച്ചിയെ കാണാൻ പോയപ്പോൾ...
''1990ലെ ഏഷ്യൻ ഗെയിംസ് ട്രയൽസ് നടന്നത് ബാംഗ്ലൂരിലെ എൻഐഎ സെൻ്ററിലാണ്. എൻ്റെ മൂത്ത സഹോദരി ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഞാൻ എൻ്റെ അമ്മാവന്മാരോടൊപ്പം അവിടേക്ക് പോയി. 8 മണിക്ക് തന്നെ അവിടെ എത്തിച്ചേർന്നു. ഞാൻ ക്യാമ്പിൻ്റെ ഒരു മൂലയിൽ ഇരുന്ന് കളിക്കാരെ വീക്ഷിക്കുകയായിരുന്നു.
രാത്രി 9 മണി ആയിട്ടും ഞാൻ ഭക്ഷണം കഴിക്കാൻ പോകാതെ അവരെ തന്നെ നോക്കിയിരുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന റഷ്യൻ കോച്ച് നാഡി റെബാക്കോൺ അത് ശ്രദ്ധിച്ചിരുന്നു. അദ്ദേഹം എന്നെ വിളിച്ചിട്ട് ചോദിച്ചു. 'നിനക്ക് ഭാരോദ്വഹനം ഇഷ്‌ടമാണോ? പ്രാക്‌ടീസ് ചെയ്‌തിട്ടുണ്ടോ?. നിന്നെപ്പറ്റി കൂടുതൽ പറയൂ"- അദ്ദേഹം പെൺകുട്ടികൾ ധരിക്കുന്ന വസ്‌ത്രങ്ങൾ നൽകി.
എൻ്റെ കഴിവ് തെളിയിക്കുവാനായി അദ്ദേഹം ആവശ്യപ്പെട്ടു. ഞാനത് ചെയ്‌തു. എൻ്റെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം, ദേശീയ തലത്തിൽ മെഡലുകൾ നേടിയവരെ മാത്രം എടുക്കുന്ന ഇന്ത്യൻ ക്യാമ്പിൽ എന്നെ ചേർക്കാൻ ആവശ്യപ്പെട്ടു. ജില്ലാതലത്തിൽ പോലും കളിക്കാത്ത എനിക്ക് അവസരം തന്നു. പത്തുമാസം കോച്ചിങ് തന്നു''
ദേശീയ ഗാനം കൊണ്ടുവന്നില്ല...
''1991 ഉദയ്‌പൂർ ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പ് ആണ് എൻ്റെ ആദ്യത്തെ മത്സരം. ഞാൻ മൂന്ന് സ്വർണ മെഡലുകൾ നേടി. അതിനുശേഷം, 1992, 93 ലോക ചാമ്പ്യൻഷിപ്പുകളിൽ ഞാൻ വെള്ളിയും വെങ്കലവും നേടി. 1994-ൽ ഞാൻ ഒരൊറ്റ ലോക ചാമ്പ്യനായി മാറി. 'നമ്മുടെ പെൺകുട്ടികൾക്ക് സ്വർണ മെഡൽ കൊണ്ടുവരാൻ കഴിയില്ല' എന്നൊരു അഭിപ്രായം പരിശീലകർക്കിടയിൽ ഉണ്ടായിരുന്നു. തുർക്കിയിലെ ഒരു മത്സരത്തിൽ എൻ്റെ എതിരാളിയായ പെൺകുട്ടി മയക്കുമരുന്ന് കഴിച്ചതിനാൽ എനിക്ക് സ്വർണ മെഡൽ ലഭിച്ചു.
ആ പെൺകുട്ടി മയക്കുമരുന്ന് കഴിച്ചതുകൊണ്ടാണ് എനിക്ക് സ്വർണ മെഡൽ കിട്ടിയതെന്ന് അവർ പറഞ്ഞു. എൻ്റെ കഠിനാധ്വാനം കൊണ്ടല്ല ഭാഗ്യം കൊണ്ട് വന്നതാണെന്ന് പറയുന്നത് കേട്ടപ്പോൾ എനിക്ക് നന്നായി വേദനിച്ചു. ആ അഭിപ്രായം മാറ്റുന്നതിനായി ഞാൻ ഒരു വർഷം കഠിനമായി പരിശീലിക്കാൻ തുടങ്ങി. ചൈനയിൽ നടന്ന മത്സരത്തിൽ വച്ച് ആ രാജ്യത്തെ പെൺകുട്ടിയെ തന്നെ തോൽപ്പിച്ച് ഞാൻ സ്വർണം നേടി.