മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫട്‌നാവിസിന്‍റെ പേര് അംഗീകരിച്ച് ബിജെപി. നാളെയോ മറ്റെന്നാളോ നടക്കുന്ന നിയമസഭ കക്ഷിയോഗത്തില്‍ അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുമന്ന് മുതിര്‍ന്ന ബിജെപി നേതാവ് അറിയിച്ചു.
മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി നിശ്ചയിക്കുന്ന ഏത് നേതാവിനെയും താന്‍ പിന്തുണയ്ക്കുമെന്ന് കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. അതേസമയം ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ശിവസേന ആഭ്യന്തര വകുപ്പിന് വേണ്ടി ചരട് വലി ശക്തമാക്കിയിരിക്കുകയാണ്. ബിജെപിയും എന്‍സിപിയും ശിവസേനയുമടങ്ങിയ മഹായുതി കൂട്ടായി ആലോചിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹായുതി മഹാരാഷ്‌ട്രയില്‍ മഹാവിജയം നേടി ഒരാഴ്‌ച പിന്നിടുമ്പോഴും പുതിയ സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. തെരഞ്ഞെടുപ്പില്‍ 280 അംഗ നിയമസഭയില്‍ 132 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടുകയും ചെയ്‌തിരുന്നു.
ഡിസംബര്‍ അഞ്ചിന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആസാദ് മൈതാനത്ത് നടത്തുമെന്ന് നിശ്ചയിച്ചു കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സഖ്യത്തിന് ധാരണയിലെത്താനായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ഉന്നത നേതാക്കള്‍ സത്യപ്രതിജ്ഞയ്ക്ക് എത്തും.
ബിജെപി സഖ്യകക്ഷികളുടെ പ്രതീക്ഷകള്‍ക്കൊത്ത് അതീവ ശ്രദ്ധയോടെയാണ് ഓരോ കരുക്കളും നീക്കുന്നത്. ഷിന്‍ഡെ ആവര്‍ത്തിച്ച് മഹായുതിയുടെ ഐക്യത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ചില നേതാക്കളുടെ സ്വരം വ്യത്യസ്‌തമാണ്. അവിഭക്ത എന്‍സിപിയും ബിജെപിയും ചേര്‍ന്ന് മത്സരിച്ചിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമായിരുന്നുവെന്നാണ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ റാവോ സാഹേബ് ദന്‍വെ പറഞ്ഞത്.
അജിത് പവാറിന്‍റെ എന്‍സിപി സഖ്യത്തിന്‍റെ ഭാഗമായിരുന്നില്ലെങ്കില്‍ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന പാര്‍ട്ടി നൂറ് സീറ്റ് നേടിയേനെ എന്നാണ് ശിവസേന എംഎല്‍എ ഗുലാബ് റാവു പാട്ടീല്‍ അവകാശപ്പെട്ടത്.
ബിജെപിക്ക് തങ്ങളുടെ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഏറെ സമയം വേണ്ടി വന്നെങ്കിലും എന്‍സിപിയും ശിവസേനയും അജിത് പവാറിനെയും ഏക്‌നാഥ് ഷിന്‍ഡെയും നേരത്തെ തന്നെ തങ്ങളുടെ നിയമസഭാ കക്ഷി നേതാക്കളായി തെരഞ്ഞെടുത്തിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ അവസാനിച്ചതിന് പിന്നാലെ മഹായുതിക്ക് വലിയ തലവേദന ആയിരിക്കുകയാണ് വകുപ്പ് പങ്കുവയ്ക്കല്‍. ആഭ്യന്തരം, ധനം, റവന്യൂ, നഗരവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ മുന്നണിയില്‍ തര്‍ക്ക വിതര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
Also Read: ഷിന്‍ഡെയ്‌ക്ക് ആഭ്യന്തരം വേണം, പവാറിന് ധനവും; സുപ്രധാന വകുപ്പുകളെ ചൊല്ലി മഹായുതിയില്‍ തര്‍ക്കം