ഹൈദരാബാദ്: ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ മൗറീഷ്യസിനെതിരേ ഇന്ത്യയ്‌ക്ക് സമനില (0-0) തുടക്കം. പുതിയ പരിശീലകനായ മനോലോ മാര്‍ക്കേസിന് കീഴില്‍ ഇറങ്ങിയ ഇന്ത്യയുടെ കൈവശമായിരുന്നു കൂടുതല്‍ സമയവും പന്ത്. എന്നാല്‍ പലപ്പോഴും ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നിലാണ് മൗറീഷ്യസ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ ടൂര്‍ണമെന്‍റാണ് ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ്.
മൗറീഷ്യസിന്‍റെ ആക്രമണത്തോടെയാണ് കളിയാരംഭിച്ചത്. ഇന്ത്യയ്‌ക്ക് തിരിച്ചടിക്കാന്‍ നിരവധി അവസരങ്ങള്‍ വന്നെങ്കിലും പാഴായി. ആറാം മിനിറ്റില്‍ അനുരുദ്ധ് ഥാപയുടെ കോര്‍ണര്‍ കിക്കില്‍ സന സിങ് കൃത്യമായി ഹെഡ് ചെയ്‌തിട്ടുണ്ടെങ്കില്‍ ഗോള്‍ പിറന്നേനെ. ഥാപ്പക്ക് മലയാളി താരം സഹൽ അബ്ദുൽ സമദിനെയും കൊളാസോക്ക് നന്ദകുമാർ ശേഖറിനെയും പകരക്കാരാക്കിയാണ് രണ്ടാം പകുതി കളി തുടങ്ങിയത്.