ന്യൂഡല്‍ഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. രോഹിത് ശര്‍മ ടി20യില്‍ നിന്നും വിരമിച്ച സാഹചര്യത്തിലാണ് സൂര്യയെ പുതിയ നായകനായി നിയമിച്ചിരിക്കുന്നത്. രോഹിത്തിന്‍റെ പിൻഗാമിയായി ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിസിസിഐയുടെ സര്‍പ്രൈസ് നീക്കം.
മുമ്പ് ഏഴ് ടി20 മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിച്ചിട്ടുണ്ട്. അവയില്‍ അഞ്ചിലും ഇന്ത്യ വിജയിക്കുകയും ചെയ്‌തു. അതേസമയം വൈസ് ക്യാപ്റ്റനായും ഹാര്‍ദിക് പാണ്ഡ്യ ഇല്ല എന്നതും ശ്രദ്ധേയമാണ്. ശുഭ്‌മാന്‍ ഗില്ലാണ് ഏക ദിനത്തിലും ടി20യിലും ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.
അതേസമയം, ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടുണ്ട്. സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന അഭിഷേക് ശര്‍മയെ ടീമില്‍ നിന്നും ഒഴിവാക്കി. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ലങ്കയില്‍ ഏകദിന മത്സരങ്ങള്‍ കളിക്കും. ഹര്‍ഷിത് റാണ, റിയാൻ പരാഗ് എന്നിവരാണ് ഏകദിന ടീമിലെ പുതുമുഖങ്ങള്‍. ജൂലൈ 27ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിന മത്സരങ്ങളുമാണുള്ളത്.