2021 ജൂലൈ 25 ഞായറാഴ്‌ച. ടോക്കിയോവിൽ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള അസാകാ ഷൂട്ടിങ്ങ് റേഞ്ചിൽ ഒളിമ്പിക്‌സ് വനിത വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങ് യോഗ്യത റൗണ്ട് മത്സരം നടക്കുന്നു. ഏറെ പ്രതീക്ഷയോടെ ടോക്കിയോയിലേക്ക് ഉറ്റു നോക്കുകയായിരുന്നു ഭാരതം. ഒളിമ്പിക്‌സില്‍ അരങ്ങേറ്റം കുറിക്കുന്ന ഒരു പതിനെട്ടുകാരി അവിടെ പിസ്റ്റളുമായി മത്സരിക്കാനിറങ്ങുന്നു. ലോകോത്തര നിലവാരത്തില്‍ നില്‍ക്കെ തന്‍റെ ഇഷ്‌ട ഇനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തിനാണ് താരം ഇറങ്ങിയത്.
ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു മനു ഭാക്കർ. ഒരു മണിക്കൂര്‍ പതിനഞ്ച് മിനിട്ട് നീളുന്ന ക്വാളിഫിക്കേഷന്‍ റൗണ്ട്. ഓരോ ഷൂട്ടര്‍ക്കും 60 ഷോട്ടുകള്‍. മനു ഉന്നം പിടിച്ചു. ആദ്യ ഷോട്ടുകള്‍ ലക്ഷ്യം പിഴച്ചില്ല. ദുര്‍വിധി പോലെ ഇടക്കുവെച്ച് മനു ഭാക്കറിന്‍റെ പിസ്റ്റളിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. അത് പരിഹരിക്കുന്നതിനായി താരം റേഞ്ച് വിടുന്നു.
പുതിയ പിസ്റ്റളുമായി വീണ്ടും മത്സരം തുടര്‍ന്ന മനു ഭാക്കറിന് പക്ഷേ പഴയ താളം വീണ്ടെടുക്കാനായില്ല. വെറും 36 മിനിട്ടിനുള്ളിൽ 44 ഷോട്ടുകൾ. ഏകാഗ്രതയോടെ കാഞ്ചി വലിച്ചിട്ടും അവസാന എട്ടിൽ സ്ഥാനം പിടിക്കാൻ മനു ഭാക്കറിന് സാധിച്ചില്ല. ആ കണക്ക് തീർക്കാനുണ്ട് മനു ഭക്കറിന്.
ഇരുപത്തിരണ്ടാം വയസില്‍ തന്‍റെ രണ്ടാം ഒളിമ്പിക്‌സിന് താരം പാരീസിലിറങ്ങുന്നത് മൂന്ന് ഇനങ്ങളില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ഒരേയൊരു താരമായാണ്. ഇഷ്‌ടയിനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റളിന് പുറമെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും മനു ഭാക്കര്‍ മത്സരിക്കുന്നു.
ആരാണ് മനു ഭാക്കർ
മനു ഭാക്കർ (Getty Images) ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാടായ ഹരിയാനയില്‍ നിന്നു വന്ന ഒരു പതിനാറുകാരി ആറ് വര്‍ഷം മുമ്പ് 2018 ല്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കായികലോകം ഒന്നാകെ കൈയടിച്ചു. അത് മനു ഭാക്കറിന്‍റെ വരവായിരുന്നു. പതിനാലാം വയസില്‍ മാത്രം ഷൂട്ടിങ്ങ് റേഞ്ചിലെത്തിയ മനു ഭാക്കര്‍ ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയ വര്‍ഷം തന്നെ സ്വര്‍ണവുമടിച്ചാണ് മടങ്ങിയത്.
ജൂനിയര്‍ ലോകകപ്പില്‍ മത്സരിക്കേണ്ട കൊച്ചു കുട്ടി മെക്‌സിക്കോയില്‍ അന്ന് തോല്‍പ്പിച്ചവരില്‍ ഒളിമ്പിക് ചാമ്പ്യന്‍ അന്നാ കൊറകാകിയും മൂന്നു തവണ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവായ സലിനാ ഗോബര്‍വിലെയും ഉണ്ടായിരുന്നു. തന്‍റെ പ്രിയ ഇനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും സ്വര്‍ണം നേടിയാണ് അന്ന് മനു ഭാക്കര്‍ മടങ്ങിയത്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മനു സ്വര്‍ണമണിഞ്ഞു.
ഫുട്ബോളിന്‍റെ മെക്കയില്‍, അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസില്‍, 2018 ല്‍ നടന്ന ലോക യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി വീണ്ടും മനു ഭാക്കര്‍ ചരിത്രം സൃഷ്‌ടിച്ചു. യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി.
ടോക്കിയോ ഒളിമ്പിക്‌സിൽ മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍ മത്സരിച്ചിരുന്നെങ്കിലും ഒറ്റയിനത്തിലും ഫൈനല്‍ റൗണ്ടിലോ മെഡല്‍ റൗണ്ടിലോ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് മനു ഇരുത്തം വന്ന ഷൂട്ടറാണ്. കഴിഞ്ഞ തവണ ടോക്കിയോവിൽ നിന്ന് തല താഴ്ത്തി മടങ്ങേണ്ടി വന്ന മനു ഭാക്കറും ടീമും സട കുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു. ആദ്യ രണ്ട് ഒളിമ്പിക്‌സുകളിൽ വെറും കൈയോടെ മടങ്ങിയ ശേഷം ബീജിങ്ങിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്.
ഈ വർഷം മികച്ച ഫോമിലാണ് മനു. ഗ്രാനഡയിൽ നടന്ന ലോക ചാമ്പ്യൻിപ്പിൽ വെങ്കലം നേടിയ മനു ഭാക്കർ എയർ റൈഫിൾ 10 മീറ്ററിൽ ലോകത്തെ മികച്ച മൂന്ന് താരങ്ങളിലൊരാളാണ്. ജൂലൈ 27-നാണ് 10 മീറ്റർ എയർപിസ്റ്റളിൽ യോഗ്യതാ റൗണ്ട്. ആദ്യ എട്ടിൽ ഇടം നേടിയാൽ തൊട്ടടുത്ത ദിവസം ഫൈനലിൽ മനു ഭാക്കർ ഇറങ്ങും. അവിടെ സ്വർണത്തിൽ കുറഞ്ഞതൊന്നും ഈ 22 കാരി ലക്ഷ്യം വെക്കുന്നില്ല.
10 മീറ്റർ എയർ പിസ്റ്റൾ ടീമിനത്തിൽ സരബ്ജോത് സിങ്ങിനൊപ്പം മനുഭാക്കർ ചേരുമ്പോൾ ഇന്ത്യൻ ടീമിന്‍റെ ശക്തി ഇരട്ടിക്കുന്നു. ഏത് ലോക രാഷ്ട്രത്തിനും വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള ടീം. ജൂലൈ 29-ന് ഈ സഖ്യം യോഗ്യതാ റൗണ്ടിനിറങ്ങും.30-ന് ഫൈനലിലും. മനു ഭാക്കറിന്‍റെ മൂന്നാമത്തെ ഇനമായ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ മത്സരം ഓഗസ്റ്റ് രണ്ടിനാണ് നടക്കുക. ഫൈനൽ ഓഗസ്റ്റ് മൂന്നിനും.
സിഫ്‌ത കൗർ സമറാ
സിഫ്‌ത കൗർ സമറാ (Getty Images) നീറ്റ് പരീക്ഷ പാസായ ശേഷം എംബിബിഎസ് ബിരുദമെടുത്ത് ഡോക്‌ടറാവാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു പഞ്ചാബുകാരി സിഫ്‌ത കൗർ സമറ എന്ന പെൺകുട്ടിക്ക്. ഫരീദ് കോട്ടിലെ ജിജിഎം മെഡിക്കൽ കോളജിൽ അവൾ എംബിബിഎസിന് ചേർന്നതായിരുന്നു. പക്ഷേ ഇടക്കിടെ വരുന്ന ടൂർണമെന്‍റുകളും പ്രാക്‌ടീസും കാരണം അറ്റൻഡൻസ് മുടങ്ങാൻ തുടങ്ങിയപ്പോൾ എംബിബിഎസ് വേണോ ഷൂട്ടിങ്ങ് വേണോ എന്ന് തിരഞ്ഞെടുക്കാൻ അവൾ നിർബന്ധിതയായി. അന്ന് അവൾ ഷൂട്ടിങ്ങ് തിരഞ്ഞെടുത്തു.
കർഷക കുടുംബത്തിൽ ജനിച്ച് ഒമ്പതാം വയസിൽ ഷൂട്ടിങ്ങ് രംഗത്തെത്തിയ സമറ പാരീസിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്. മനു ഭാക്കറിനെ പോലെ ഷോട്ട് ഗണ്ണിലല്ല റൈഫിളിലാണ് സമറ പോരിനിറങ്ങുന്നത്. 2019- ൽ മാത്രമാണ് റൈഫിൾ ത്രീ പൊസിഷനിലേക്ക് ശ്രദ്ധ തിരിക്കുന്നത്. നീലിങ്ങ്, പ്രോൺ, സ്റ്റാൻഡിങ്ങ് എന്നീ മൂന്ന് പൊസിഷനുകളിലും ഒരുപോലെ തിളങ്ങേണ്ടയിനമാണ് റൈഫിൾ പൊസിഷൻ ത്രീ.
2016 മുതൽ സിഫ്‌ത കൗർ സമറ ഷൂട്ടിങ്ങ് റേഞ്ചുകളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായാണ് ഷൂട്ടിങ്ങിലെത്തിയതെന്ന് സമറ പറയുന്നു. യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ശേഷമാണ് തനിക്ക് ഷൂട്ടിങ്ങിൽ സാധ്യതയുണ്ടെന്ന് തിരിച്ചറിയുന്നതെന്ന് സമറ പറയുന്നു. 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷനിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരതയാർന്ന പ്രകടനമാണ് സിഫ്‌ത കൗർ സമറ കാഴ്‌ചവെക്കുന്നത്.
ലോക റാങ്കിങ്ങിൽ റാങ്ക് 18 ആണെങ്കിലും ഈ ഇനത്തിലെ ലോക റെക്കോഡ് സമറയുടെ പേരിലാണ്. കഴിഞ്ഞ രണ്ടു വർഷവും ലോക ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ ഈയിനത്തിലെ വെങ്കലം സമറയ്ക്കാണ്. ലോക ജൂനിയർ കപ്പിൽ ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് സമറയുടെ സമ്പാദ്യം. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒരു വെള്ളിമെഡൽ താരം നേടിയിട്ടുണ്ട്.
ഈ വർഷം മ്യൂണിച്ചിൽ നടന്ന ലോകകപ്പിലും മൂന്നാം സ്ഥാനത്തെത്തിയ സമറ ക്വാളിഫിക്കേഷനിൽ 593 പോയിന്‍റും ഫൈനലിൽ 452.9 പോയിന്‍റുമാണ് നേടിയത്. ഏറെ പ്രയാസകരമായ നീലിങ്ങ് റൗണ്ടിൽ 152 പോയിന്‍റുമായി ഏഴാം സ്ഥാനത്തായിരുന്ന സമറ പ്രോൺ റൗണ്ടിലും സ്റ്റാൻഡിങ്ങ് പൊസിഷനിലും അത്യുജ്ജ്വല പ്രകടനത്തിലൂടെയാണ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നേടിയ 469.6 എന്ന പോയിന്‍റാണ് സമറയുടെ പേരിലുള്ള ലോക റെക്കോഡ്. ബ്രിട്ടീഷ് ചൈനീസ് താരങ്ങൾ സമറയ്ക്കൊപ്പത്തിനൊപ്പം ഉണ്ടെങ്കിലും അതിനടുത്ത പ്രകടനം പാരീസിൽ പുറത്തെടുക്കാനായാൽ സ്വർണം ഉറപ്പിക്കാം.
സരബ്ജ്യോത് സിങ്
സരബ്ജ്യോത് സിങ് (Getty Images) 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സരബ്ജ്യോത് സിങ്ങും ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്. മ്യൂണിച്ചിൽ നടന്ന ലോക കപ്പിൽ ഈയിനത്തിൽ സ്വർണം നേടിയ സരബ്ജ്യോത് മികച്ച ഫോമിലാണ്. 2023 ലെ ലോകകപ്പിലും സരബ്ജ്യോതിനു തന്നെയായിരുന്നു ഈയിനത്തിൽ സ്വർണം.
ഒളിമ്പിക്‌സില്‍ എന്നും ഇന്ത്യ നേരിട്ട മെഡല്‍ വരള്‍ച്ചയ്ക്ക് അന്ത്യം കുറിച്ചത് 2004 ഏതന്‍സ് ഒളിമ്പിക്‌സില്‍ രാജ്യ വര്‍ധന്‍ സിങ് റാഥോഡ് പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടില്‍ വെള്ളി വെടിവെച്ചിട്ടുകൊണ്ടായിരുന്നു. അന്ന് തലയുയര്‍ത്തി മെഡല്‍ പോഡിയത്തില്‍ നിന്ന കേണല്‍ രാജ്യ വര്‍ധന്‍ സിങ് റാത്തോഡില്‍ തുടങ്ങിയ ഇന്ത്യന്‍ മെഡല്‍ക്കുതിപ്പ് 2008-ല്‍ ബീജിങ്ങിലെത്തുമ്പോള്‍ സുവര്‍ണ നേട്ടമാക്കി അഭിനവ് ബിന്ദ്ര എന്ന ഷൂട്ടര്‍. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലായിരുന്നു അഭിനവ് ബിന്ദ്രയുടെ നേട്ടം.
2012-ല്‍ ലണ്ടനിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ നേടിയത് രണ്ട് മെഡലുകളായിരുന്നു. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ വിജയ് കുമാറിന്‍റെ വെള്ളിയും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഗഗന്‍ നാരംഗിന്‍റെ വെങ്കലവും. തുടര്‍ന്ന് വന്ന റിയോ ടോക്കിയോ ഒളിമ്പിക്‌സുകള്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക് നിരാശയുടേതായിരുന്നു. റിയോ ഒളിമ്പിക്‌സിനുള്ള യോഗ്യത കൈവരിച്ച 12 ഇന്ത്യന്‍ ഷൂട്ടര്‍മാരില്‍ ഒരാള്‍ക്ക് പോലും മെഡല്‍ പോഡിയത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ടോക്കിയോവിലും 15 ഷൂട്ടര്‍മാരുടെ സംഘവുമായാണ് ഇന്ത്യ ഷൂട്ടിങ്ങ് റേഞ്ചിലിറങ്ങിയതെങ്കിലും ഒരാള്‍ക്ക് പോലും മെഡലിലേയ്ക്ക് നിറയൊഴിക്കാനായില്ല.
പക്ഷേ ലോക ചാമ്പ്യന്‍ഷിപ്പടക്കമുള്ള മറ്റ് ടൂര്‍ണമെന്‍റുകളിലൊക്കെ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌തു. ലോക കപ്പിലും കോണ്ടിനെന്‍റല്‍ കപ്പിലും ഏഷ്യന്‍ ഗെയിംസിലുമൊക്കെ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ പലതവണ വിജയം വരിച്ചു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 33 അംഗ ഷൂട്ടിങ്ങ് ടീമാണ് ചൈനയിലെ ഹാങ്ങ്ഷൂവില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 22 മെഡലുകളുമായാണ് ഇന്ത്യന്‍ സംഘം മടങ്ങിയത്തിയത്.
ഹാങ്ങ്ഷൂവില്‍ 2023 സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ നടന്ന ഷൂട്ടിങ്ങ് മത്സരത്തില്‍ ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ ലോക റെക്കോഡ് പ്രകടനത്തോടെയാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ മൂന്ന് പൊസിഷന്‍സില്‍ സിഫ്റ്റ് നേടിയ 469.6 പുതിയ ലോക റെക്കോഡായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ പാലക് ഗുലിയയും വ്യക്തിഗത സ്വര്‍ണം നേടി. മറ്റ് അഞ്ച് സ്വര്‍ണം ടീമിനങ്ങളിലാണ് നേടിയത്.
ഇത്തവണ പാരീസ് ഒളിമ്പിക്‌സിലേക്ക് 21 ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്കാണ് യോഗ്യതാ ക്വാട്ട ലഭിച്ചത്.
റൈഫിള്‍ വിഭാഗം:
- അഭിനവ് ബിന്ദ്രയും ഗഗന്‍ നാരംഗുമൊക്കെ മെഡല്‍ നേടിയ പുരുഷന്മാരുടെ 10 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ സന്ദീപ് സിങ്ങും അര്‍ജുന്‍ ബബൂതയുമാണ് ഇന്ത്യന്‍ പ്രതീക്ഷകളുമായി മത്സരിക്കുന്നത്.
- ഇതേയിനത്തില്‍ വനിത വിഭാഗത്തില്‍ ഇലവേനില്‍ വാളറിവാനും റമിതാ ജിന്‍ഡാലും മത്സരിത്തിനിറങ്ങും.
- ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ മൂന്ന് പൊസിഷനില്‍ സിഫ്‌റ്റ് കൗര്‍ സമറ മറ്റു ലോക താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് മാത്രമല്ല സ്വര്‍ണമെഡല്‍ പ്രതീക്ഷ കൂടിയാണ്. സിഫ്‌റ്റിനൊപ്പം അന്‍ജും മൊദ്ഗല്‍ കൂടി ഈ ഇനത്തില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്.
- 50 മീറ്റര്‍ റൈഫിള്‍ മൂന്ന് പൊസിഷനില്‍ പുരുഷ വിഭാഗത്തിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു. ഐശ്വര്യ പ്രതാപ് സിങ്ങ് തോമറും സ്വപ്‌നില്‍ കുസാലെയും ഈ ഇനത്തില്‍ ഏത് ലോക താരത്തിനും ഒപ്പം പിടിക്കാന്‍ കെല്‍പ്പുള്ളവരാണ്.
- 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ രണ്ട് ഇന്ത്യന്‍ ജോഡികള്‍ യോഗ്യത നേടിയിട്ടുണ്ട്. സന്ദീപ് സിങ്- ഇളവേനില്‍ വാളറിവാന്‍ സഖ്യവും അര്‍ജുന്‍ ബബൂത- റമിതാ ജിന്‍ഡാല്‍ സഖ്യവും.
ഷോട്ട്ഗണ്‍ വിഭാഗം( പിസ്റ്റള്‍):
- ഏറെ പരിചയ സമ്പന്നയായ മനു ഭാക്കര്‍ തന്നെയാണ് പിസ്റ്റള്‍ ഇനത്തില്‍ മെഡല്‍ ഉറപ്പിക്കാവുന്ന താരം.
- ഇതേയിനത്തിൽ പുരുഷ വിഭാഗത്തിൽ സരബ്ജ്യോത് സിങ്ങും പ്രതീക്ഷയാണ്. ഈ ഇനത്തിലെ മിക്‌സഡ് ടീമിനത്തിൽ ഇരുവരും ചേർന്നിറങ്ങുന്നതും പ്രതീക്ഷ നൽകുന്നതാണ്.
പാരീസ് ഒളിമ്പിക്‌സില്‍ ആദ്യം മെഡല്‍ തീരുമാനമാകുന്ന മത്സര ഇനങ്ങളില്‍ ഒന്നാണ് ഷൂട്ടിങ്ങ്. ഒളിമ്പിക്‌സിലെ ആദ്യ നാളുകളിൽ തന്നെ പാരീസിലെ ഷാറ്ററോക്‌സ് ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്ന് ആ സന്തോഷ വാർത്ത വരുമെന്ന് ഇന്ത്യൻ കായിക ലോകം പ്രതീക്ഷിക്കുന്നു.
Also Read:പാരിസില്‍ തകരുമോ ഈ റെക്കോഡുകള്‍...?; ചരിത്രം കുറിക്കാൻ ഇറങ്ങുന്ന താരങ്ങളെ അറിയാം