ഡല്‍ഹി: കായിക രംഗത്ത് താന്‍ നേരിട്ടിട്ടുള്ള ലിംഗ വിവേചനത്തെയും, സ്ത്രീ വിരുദ്ധതയെയും കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ ചെസ്സ് താരം ദിവ്യ ദേശ്‌മുഖ് (Indian chess player Deshmukh). നെതർലൻഡ്‌സില്‍ വച്ച് അടുത്തിടെ നടന്ന വിജ്‌ക് ആൻ സീ, ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്‍റ് അവസാനിച്ചതിന് ശേഷമാണ് നാഗ്‌പൂരിൽ നിന്നുള്ള 18 കാരിയായ ദിവ്യ ദേശ്‌മുഖിന്‍റെ വെളിപ്പെടുത്തല്‍.
"കുറച്ചുകാലമായി ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു, പക്ഷേ എന്‍റെ ടൂർണമെന്‍റ് അവസാനിക്കാൻ കാത്തിരിക്കുകയായിരുന്നു. ചെസ്സിലെ സ്ത്രീകളെ കാണികൾ പലപ്പോഴും നിസ്സാരമായി കാണുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.പുരുഷ കളിക്കാരാണ് മത്സരിക്കുന്നതെങ്കില്‍ അവരുടെ കളിയിൽ മാത്രമാണ് കാണികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പകരം സ്ത്രീകളാണ് മത്സരിക്കുന്നതെങ്കില്‍ ചെസ് ബോർഡിലെ അവരുടെ കഴിവുമായി യാതൊരു ബന്ധവുമില്ലാത്ത വശങ്ങളിലാണ് കാണികളടക്കം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.