രാജ്‌കോട്ട് :ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ലീഡ് ഉയര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങും (India vs England 3rd Test). നിലവില്‍ 322 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യയ്‌ക്കുള്ളത്. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് 196-2 എന്ന ശക്തമായ നിലയിലാണ് ടീം ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കാനിരിക്കുന്നത്.
120 പന്തില്‍ 65 റണ്‍സുമായി ശുഭ്‌മാന്‍ ഗില്ലും 15 പന്തില്‍ 3 റണ്‍സ് നേടിയ കുല്‍ദീപ് യാദവുമാണ് ക്രീസില്‍. ഓപ്പണറും നായകനുമായ രോഹിത് ശര്‍മ (19), രജത് പടിദാര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മത്സരത്തില്‍ സെഞ്ച്വറിയടിച്ച യശസ്വി ജയ്‌സ്വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു.
പേശിവലിവിനെ തുടര്‍ന്നായിരുന്നു താരത്തിന്‍റെ പിന്മാറ്റം. സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പടെ വമ്പന്‍ അടിക്കാര്‍ ഇന്ത്യന്‍ നിരയില്‍ ബാറ്റിങ്ങിനായി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് ഇന്ന് രണ്ടാം സെഷൻ അവസാനിക്കുന്നതിന് മുന്‍പ് തന്നെ പരമാവധി റണ്‍സ് കണ്ടെത്താനാകും ഇന്ത്യന്‍ ടീമിന്‍റെ ശ്രമം.
മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനെ 319 റണ്‍സില്‍ ഓള്‍ഔട്ടാക്കിയ ഇന്ത്യ 126 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് സ്കോര്‍ 30ല്‍ നില്‍ക്കെ നായകന്‍ രോഹിത് ശര്‍മയെ നഷ്‌ടമായി. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് രോഹിതിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു.