കേരളം

kerala

ETV Bharat / sports

ഇന്ത്യയുടെ നോട്ടം വമ്പന്‍ ലീഡിലേക്ക്, വിക്കറ്റ് വേട്ടയ്‌ക്ക് ഇംഗ്ലണ്ട്; വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ന് മൂന്നാം ദിനം

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനം. 171 റണ്‍സ് ലീഡുമായി ഇന്ത്യ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിക്കും.

India vs England 2nd Test  Vizag Test Day 3  Yashasvi Jaiswal Rohit Sharma  ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്
India vs England 2nd Test Day 3

By ETV Bharat Kerala Team

Published : Feb 4, 2024, 8:23 AM IST

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കാന്‍ മൂന്നാം ദിനമായ ഇന്ന് ടീം ഇന്ത്യ ഇറങ്ങും (India vs England Vizag Test Day 3). വമ്പന്‍ ലീഡാണ് രോഹിത് ശര്‍മയും സംഘവും വിശാഖപട്ടണത്ത് ലക്ഷ്യം വയ്‌ക്കുന്നത്. നിലവില്‍ 171 റണ്‍സാണ് ഇന്ത്യയുടെ ലീഡ്.

രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് ഓവറില്‍ 28 റണ്‍സ് ടീം ഇന്ത്യ സ്കോര്‍ ചെയ്‌തിട്ടുണ്ട്. ഇന്ന് ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ 17 പന്തില്‍ 15 റണ്‍സടിച്ച യശസ്വി ജയ്‌സ്വാളും (Yashasvi Jaiswal) 13 പന്തില്‍ 13 റണ്‍സുമായി രോഹിത് ശര്‍മയുമാണ് (Rohit Sharma) ക്രീസിലുള്ളത്. 10 വിക്കറ്റുകള്‍ കയ്യിലിരിക്കെ മത്സരത്തിന്‍റെ മൂന്നാം ദിനം ഇന്ത്യയുടെ ബാറ്റിങ് എങ്ങനെയാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഹൈദരാബാദ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്‍റെ ലീഡ് നേടിയതിന് ശേഷമായിരുന്നു ഇന്ത്യ കളി കൈവിട്ടത്. ഈ പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളാകും ടീം ഇന്ത്യ ഇന്ന് നടത്തുന്നതും. നേരത്തെ, മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സായിരുന്നു ഇന്ത്യ പടുത്തുയര്‍ത്തിയത്.

യശസ്വി ജയ്‌സ്വാളിന്‍റെ ഡബിള്‍ സെഞ്ച്വറി പ്രകടനം മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആര്‍ക്കും മത്സരത്തില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാനായില്ല. രണ്ടാം, ഇന്നിങ്‌സില്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നീ പ്രധാന ബാറ്റര്‍മാര്‍ മികവിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സ് നേടിയ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ 253 റണ്‍സിലാണ് എറിഞ്ഞിട്ടത്. ജസ്‌പ്രീത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനമായിരുന്നു ഇംഗ്ലീഷ് നിരയെ തകര്‍ത്തുകളഞ്ഞത്. സ്‌പിന്നര്‍ കുല്‍ദീപ് യാദവും ഇന്ത്യയ്‌ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു.

Also Read :സ്‌പിന്‍പിച്ചില്‍ ഇംഗ്ലണ്ടിന്‍റെ നടൊവൊടിച്ച് ബൂം ബൂം മാജിക്; ബാസ്‌ബോളൊന്നും അയാള്‍ക്കെതിരെ നടക്കില്ല

ഇന്ത്യ പ്ലെയിങ് ഇലവന്‍(India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍(England Playing XI): സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്‌റ്റന്‍), ബെന്‍ ഫോക്‌സ്, രേഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്‌ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ABOUT THE AUTHOR

...view details