മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചത് ഒരേയൊരാളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ മുൻ താരവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മെന്‍ററുമായ ഗൗതം ഗംഭീറാണ് രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്ക് ഇന്ത്യൻ പരിശീലകനാകാൻ അപേക്ഷ സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയുമായി ഗംഭീറിന്‍റെ അഭിമുഖം ഇന്ന് നടക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അശോക് മല്‍ഹോത്ര, ജതിൻ പരഞ്ജ, സുലക്ഷണ നായിക് എന്നീ മുൻ താരങ്ങളടങ്ങിയ സമതിയാകും ഗംഭീറുമായി കൂടിക്കാഴ്‌ച നടത്തുക. ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ തന്നെയുണ്ടാകുമെന്നുമാണ് നിലവില്‍ പുറത്തുവരുന്ന വിവരം. അതേസമയം, ബിസിസിഐ സെലക്ഷൻ കമ്മിറ്റിയില്‍ സലീല്‍ അങ്കോളയുടെ പകരക്കാരനെ കണ്ടെത്താനുള്ള അഭിമുഖവും ഇന്നാണ് നടക്കുക.
ടി20 ലോകകപ്പ് കഴിയുന്നതോടെയാണ് നിലവിലെ മുഖ്യപരിശീലകൻ രാഹുല്‍ ദ്രാവിഡുമായുള്ള ബിസിസിഐയുടെ കരാര്‍ അവസാനിക്കുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. പരിശീലകനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇക്കഴിഞ്ഞ മെയ് 27ന് അവസാനിച്ചു.