ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് നാളെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റാണ് നാളെ തുടങ്ങുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും റെഡ് ബോൾ ക്രിക്കറ്റിനായി കളത്തിലിറങ്ങുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണ് നാളെ നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇന്ത്യ അവസാനം ടെസ്റ്റ് കളിച്ചത്.
ബംഗ്ലാദേശ് പാകിസ്ഥാനില്‍ പരമ്പര നേടിയെങ്കിലും ഇന്ത്യയില്‍ ഇതുവരെ ടെസ്റ്റ് വിജയം സ്വന്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ ആകെ 13 ടെസ്റ്റുകളാണ് ബംഗ്ലാദേശ് കളിച്ചത്. 11ലും ബംഗ്ലാദേശ് തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില നേടാനായത് മാത്രമാണ് ടീമിന്‍റെ നേട്ടം. മൂന്ന് സ്‌പിന്നർമാരെയും രണ്ട് ഫാസ്റ്റ് ബൗളർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഫീൽഡ് ചെയ്യുന്നത്. റിഷഭ് പന്ത് ടീമിലുണ്ടെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്ററായി പ്ലെയിങ് ഇലവന്‍റെ ഭാഗമാകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ധ്രുവ് ജൂറലിന് ബെഞ്ചിൽ ഇരിക്കേണ്ടി വന്നേക്കും.
ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇടംകൈയ്യൻ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിന് സാധ്യതയുണ്ട്. കൂടാതെ ശുഭ്‌മാൻ ഗില്ല് മൂന്നാം നമ്പറിലുണ്ടാകാം. പിന്നെ വിരാട് കോലി, കെഎൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരാകും. ബൗളിങ്ങില്‍ ആദ്യ ചോയ്‌സ് ആർ അശ്വിനും ജഡേജയും ആയിരിക്കും. മൂന്നാം സ്‌പിന്നറായി അക്ഷര്‍ പട്ടേലിനോ കുൽദീപ് യാദവിനോ അവസരം ലഭിച്ചേക്കും. രണ്ട് ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ ജസ്പ്രീത് ബുംറയും മറ്റൊരാൾ മുഹമ്മദ് സിറാജുമാകാം.